രാത്രിയിൽ ബസ് കാത്തുനിന്ന 18 കാരി പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ചു. ചെന്നൈ കിലമ്പാക്കം ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ രാത്രിയാണ് അതിക്രമം. സേലത്തുനിന്ന് ചെന്നൈയിലെത്തിയ പതിനെട്ടുകാരിയാണ് അതിരാമത്തിനിരയായത്. ഒടുവിൽ പെൺകുട്ടിക്ക് രക്ഷകനായത് മറ്റൊരു ഓട്ടോ ഡ്രൈവറാണ്. പല്ലവാരം വനിതാ പൊലീസ് സ്റ്റേഷനില്‍ ലൈംഗികാതിക്രമക്കേസ് റജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ക്കായി വിപുലമായ തിരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
സ്റ്റാന്‍ഡില്‍ മാധവാരത്തേക്കുള്ള ബസ് കാത്തുനില്‍ക്കുകയായിരുന്ന പെൺകുട്ടിയെ കണ്ട അവിടെയുണ്ടായിരുന്ന ഒരാള്‍ കുട്ടിയെ ബലമായി ഓട്ടോറിക്ഷയില്‍ കയറ്റിയ ശേഷം കൂട്ടുകാരെയും വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് ഇവര്‍ പെണ്‍കുട്ടിയെ ഓട്ടോയ്ക്കുള്ളില്‍ വച്ച് കത്തി കാട്ടി ലൈംഗികമായി ഉപദ്രവിച്ചു.
ഇതിനിടെ, ഈ സംഭവം വഴിയാത്രക്കാരില്‍ ചിലര്‍ കണ്ടു. ഇതോടെ മുഖ്യപ്രതി വണ്ടിനിര്‍ത്തി ഇതുവഴി വന്ന മറ്റൊരു ഓട്ടോറിക്ഷ കൈകാട്ടി നിര്‍ത്തി പെണ്‍കുട്ടിയെ അതില്‍ കയറ്റിവിട്ടു. ഓട്ടോയിലിരുന്നു പെൺകുട്ടി കരയുന്നതു കണ്ട ഓട്ടോ ഡ്രൈവര്‍ മോഹനൻ പെൺകുട്ടിയോട് കാര്യം തിരക്കി.
മോഹന്‍ വിവരം തിരക്കിയപ്പോള്‍ ഹിന്ദി അറിയാമോ എന്ന് പെണ്‍കുട്ടി ചോദിച്ചു. അറിയാമെന്ന് പറഞ്ഞപ്പോള്‍ താന്‍ തൊട്ടുമുന്‍പ് നേരിട്ട അതിക്രമത്തിന്‍റെ വിവരം അവള്‍ വെളിപ്പെടുത്തി. മോഹനോട് തന്നെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു.
ഉപദ്രവിച്ചവരുടെ ഓട്ടോ കണ്ടെത്താനായി മോഹന്‍ പെണ്‍കുട്ടിയെയും കൊണ്ട് കിലമ്പാക്കം സ്റ്റാന്‍ഡിലെത്തി. പെണ്‍കുട്ടിയുടെ ഫോണ്‍ ചാര്‍ജ് തീർന്നപ്പോൾ വീട്ടിലേക്ക് വിളിച്ചുപറയാന്‍ അദ്ദേഹം സ്വന്തം ഫോണ്‍ നല്‍കി. രാത്രി 11.45 മുതല്‍ പുലര്‍ച്ച് 3.45 വരെ മോഹന്‍ പെണ്‍കുട്ടിക്കൊപ്പം നിന്നു. പിന്നീട് പൊലീസ് എത്തി പെണ്‍കുട്ടിയെ ഏറ്റെടുത്തു.