കുമളി: വീട്ടിൽ അതിക്രമിച്ച് കയറി വയോധികയുടെ വായിൽ തുണി തിരുകിയശേഷം സ്വർണം കവർന്നു. വണ്ടിപ്പെരിയാർ മൗണ്ട് കുഴിവേലിയിൽ പാൽതങ്ക (71)ത്തിന്റെ രണ്ടര പവൻ സ്വർണമാലയും കമ്മലുമാണ് മോഷ്ടിച്ചത്. ചൊവ്വാഴ്ച പുലർച്ച മൂന്നരയോടെയായിരുന്നു മോഷണം.
സംഭവവുമായി ബന്ധപ്പെട്ട് വയോധികയുടെ രണ്ട് ബന്ധുക്കൾ പൊലീസ് പിടിയിലായതായാണ് സൂചന. പാൽ തങ്കം ഒറ്റക്ക് താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇവർ വായിൽ തുണി തിരുകിയശേഷം കത്തി കാട്ടി സ്വർണാഭരണങ്ങൾ ഊരിത്തരാൻ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് മാലയും കമ്മലും ഊരി നൽകുകയായിരുന്നു. വിവരം പുറത്തായാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് മോഷ്ടാക്കൾ കടന്നത്. സംഭവശേഷം, പാൽ തങ്കം സമീപത്ത് താമസിക്കുന്ന മകന്റെ വീട്ടിലെത്തി വിവരം പറഞ്ഞു.
ഇവർ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായിരുന്നില്ല. മോഷണത്തിനിടെ ചെവിക്ക് പരിക്കേറ്റ പാൽതങ്കത്തെ പിന്നീട് വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇൻസ്പെക്ടർ സുവർണ കുമാർ, എസ്.ഐ ജയകൃഷ്ണൻ എന്നിവർ ചേർന്ന് ബന്ധുക്കളായ യുവാക്കളെ പിടികൂടിയതെന്നാണ് വിവരം. മോഷ്ടിച്ച സ്വർണവും കണ്ടെടുത്തതായാണ് സൂചന.