ഡബ്ലിൻ ∙ സതേൺ അയർലൻഡിൽ കാർ മരത്തിലിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. രണ്ട് പേർ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ. വെള്ളിയാഴ്ച കൗണ്ടി കാർലോയിലാണ് ഇന്ത്യൻ വിദ്യാർഥികൾ സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ച് അപകടം ഉണ്ടായത്.
അപകടത്തിൽ ചെറെകുരി സുരേഷ് ചൗധരി (20), ചിത്തൂരി ഭാർഗവ് (20) എന്നിവരാണ് മരിച്ചത്. ഇവർ രണ്ട് പേരും അപകടം നടന്ന ഉടൻ മരിച്ചിരുന്നു. പരുക്കേറ്റ മറ്റ് രണ്ട് പേരെയും കിൽകെന്നിയിലെ സെന്റ് ലൂക്ക്സ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽപെട്ട നാല് പേരും കാർലോയിലെ സൗത്ത് ഈസ്റ്റ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളാണ്.
വിദ്യാർഥികളുടെ മരണത്തിൽ ഡബ്ലിനിലെ ഇന്ത്യൻ എംബസി അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും എംബസി ബന്ധപ്പെടുകയും ചികിത്സയിൽ കഴിയുന്ന മറ്റ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾക്കും സാധ്യമായ എല്ലാ പിന്തുണയും സഹായവും നൽകുകയും ചെയ്ത് വരികയാണെന്ന് പറഞ്ഞു.