വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് സംഭവം
കാസര്‍കോട്: ഒളിച്ചുകളിക്കുന്നതിനിടെ ടാർ വീപ്പയിൽ കുടുങ്ങി നാലരവയസുകാരി. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ അഗ്‌നിരക്ഷാസേനയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കാസർഗോഡ് ചട്ടഞ്ചാല്‍ എംഐസി കോളേജിന് സമീപത്തെ ഖദീജയുടെ മകള്‍ ഫാത്തിമയാണ് അപകടത്തില്‍പ്പെട്ടത്.(four-and-a-half-year-old girl stuck in a barrel of tar while playing)
വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് സംഭവം. സഹോദരിക്കൊപ്പം വീട്ടുമുറ്റത്ത് ഒളിച്ചുകളിക്കുന്നതിനിടെ കുട്ടി അപകടത്തിൽപ്പെടുകയായിരുന്നു. വീടിന് സമീപം റോഡ് ടാറിങ്ങിനായി കൊണ്ടുവന്ന ടാര്‍ വീപ്പയിലേക്ക് ഇറങ്ങുകയായിരുന്നു കുട്ടി. വീപ്പയ്ക്ക് സമീപത്തെ കല്ലില്‍ ചവിട്ടിയാണ് ഫാത്തിമ അകത്തേക്ക് ഇറങ്ങിയത്.
വെയിലേറ്റ് ടാര്‍ ഉരുകിയ നിലയിലായിരുന്നു. വീപ്പയില്‍ ഇറങ്ങിയ ഫാത്തിമ നെഞ്ചോളം ടാറില്‍ മുങ്ങിപോയി. ഒപ്പമുണ്ടായിരുന്ന സഹോദരി ഉടന്‍ വീട്ടിലെത്തി ഉമ്മയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അയല്‍വാസികളും പൊലീസും എത്തിയെങ്കിലും കുട്ടിയെ പുറത്തെത്തിക്കാനായില്ല. പിന്നീട് ടാര്‍ തണുത്തതോടെ രക്ഷാപ്രവർത്തനം കൂടുതൽ ബുദ്ധിമുട്ടിലായി.
വിവരമറിയിച്ചതിനെ തുടർന്ന് കാസര്‍കോട് ഫയര്‍ സ്റ്റേഷനിലെ ലീഡിങ് ഫയര്‍മാന്‍ പി സണ്ണി ഇമ്മാനുവലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. 30 ലിറ്റര്‍ ഡീസല്‍ വീപ്പയിലേക്ക് ഒഴിച്ച് ടാറിന്റെ കട്ടി കുറച്ചു. ഇങ്ങനെ പല തവണ ആവര്‍ത്തിച്ച ശേഷം ടാര്‍ ദ്രാവക രൂപത്തിലാക്കിയാണ് കുട്ടിയെ പുറത്തെടുക്കാനായത്. ഏറെ നേരം പണിപ്പെട്ടാണ് കുട്ടിയുടെ ശരീരത്തില്‍ നിന്ന് ടാര്‍ നീക്കിയത്. പിന്നാലെ ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയിലെത്തിച്ചു.