തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.
സാധാരണയെക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി വരെയാകും പകൽ താപനില കൂടുക. ഇതേ തുടർന്ന് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കണം.
നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് പരമാവധി ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
സ്‌കൂളുകളിൽ കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കണം.
അങ്കണവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം ഏർപ്പെടുത്തണം. രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
പുറത്ത് പണിയെടുക്കുന്നവരുടെ ജോലി സമയം ക്രമീകരിക്കുക. പാർക്ക് ചെയ്ത വാഹനങ്ങളിൽ കുട്ടികളെ ഇരുത്തി പോകരുത്.