കൽപ്പറ്റ: പങ്കാളിത്തപെൻഷന്റെ ആനുകൂല്യങ്ങൾക്കായി കാത്തിരുന്ന അറുപത്തിനാലുകാരൻ മരിച്ചു. സുൽത്താൻ ബത്തേരി ചെതലയം പൂവഞ്ചി ബൈരൻ ആണ് മരിച്ചത്.
സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്ക് നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട് വയനാട് ജില്ലയിൽനിന്നും വിരമിച്ച ആദ്യ പങ്കാളിത്ത പെൻഷൻകാരിൽ ഒരാളാണ് ബൈരൻ.
മുപ്പത് വർഷം വനംവകുപ്പിൽ വാച്ചറായി ജോലി ചെയ്തിട്ടും ഇതു വരെ ഇദ്ദേഹത്തിന് വിരമിക്കൽ ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല. പങ്കാളിത്ത പെൻഷൻ നടപ്പാക്കിയ 2013ലാണ് ഇദ്ദേഹം സർവ്വീസിൽ സ്ഥിരപ്പെട്ടത്.
കുറിച്ച്യാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽനിന്ന് 2020ൽ വിരമിച്ചു. വിരമിക്കുമ്പോൾ ഓരോരുത്തരുടെയും പെൻഷൻ ഫണ്ടിലുള്ള മൊത്തം തുകക്ക് അനുസൃതമായാണ് മാസംതോറും പെൻഷൻ ലഭിക്കുക.
ഈ തുക അഞ്ച് ലക്ഷത്തിൽ കുറവാണെങ്കിൽ ജീവനക്കാർക്ക് ആവശ്യമെങ്കിൽ ഒറ്റത്തവണയായി കൈപ്പറ്റാം. പിന്നീട് ഒരാനുകൂല്യങ്ങളും ലഭിക്കില്ല.
രണ്ട് ലക്ഷം രൂപയിൽ താഴെ മാത്രമേ പെൻഷൻ അക്കൗണ്ടിൽ പണം ഉള്ളൂവെന്നതിനാൽ ബൈരന് അടച്ച പണം തിരികെ ലഭിച്ചു. അതിനാൽ ഇദ്ദേഹത്തിന് പെൻഷൻ ലഭിച്ചില്ല.
കേരളത്തിലെ പങ്കാളിത്ത പെൻഷനിൽ ഉൾപ്പെട്ട സർക്കാർ ജീവനക്കാർക്ക് ഡെത്ത് കം റിട്ടയർമെന്റ് ഗ്രാറ്റിവിറ്റി (ഡി.സി.ആർ.ജി) അടക്കമുള്ള ആനുകൂല്യങ്ങൾ ഇല്ലാത്തതിനാൽ ആ തരത്തിലുള്ള ആനുകൂല്യങ്ങളും ബൈരന് ലഭ്യമായില്ല.
സർക്കാർ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്നും ഇതോടെ തനിക്ക് സ്റ്റാറ്റിയൂട്ടറി പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുമെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രതീക്ഷ.
സ്റ്റാറ്റിയൂട്ടറി പെൻഷൻ രീതിയിലായിരുന്നുവെങ്കിൽ ഏഴ് വർഷം സ്ഥിരം സർവ്വീസുള്ള ബൈരന് 8250 രൂപ എക്സ്ഗ്രേഷ്യാ പെൻഷൻ ലഭിക്കുമായിരുന്നു.
ഒരാൾ മരണപ്പെട്ടാൽ അർഹരുണ്ടെങ്കിൽ അവരുടെ കുടുംബത്തിന് എക്സ്ഗ്രേഷ്യ കുടുംബ പെൻഷനും ലഭിക്കും. കൂടാതെ സർക്കാർ അനുവദിച്ചിരിക്കുന്ന ഡിസിആർജിയും ലഭിക്കും.
നിലവിൽ കെഎസ്ആർ ഭാഗം മൂന്ന് പ്രകാരമുള്ള പരമാവധി ഡിസിആർജി 17 ലക്ഷം രൂപയാണ്. എന്നാൽ കേരളത്തിൽ മാത്രം പങ്കാളിത്ത പെൻഷനിൽ ഉൾപ്പെട്ടവർക്ക് സർക്കാർ ഡിസിആർജി അനുവദിച്ചിട്ടില്ല.
വയനാട് ജില്ലയിൽ പദ്ധതിയിൽ ഉൾപ്പെട്ട് ഇതുവരെ ഇരുപത്തിയഞ്ചോളം പേർ വിരമിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗം പേർക്കും ആയിരം രൂപയിൽ താഴെയാണ് മാസം തോറും ലഭിക്കുന്ന പെൻഷൻ.
പരേതയായ ലീലയാണ് ബൈരന്റെ ഭാര്യ. മക്കൾ: കെ.ബി. തങ്കമണി (മുൻ ഗ്രാമപഞ്ചായത്ത് അംഗം), ബി.പി. രാജു ബി.പി. (സെക്ഷൻ ഫോറസ്റ്റ് ഓഫീസർ).