ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടേ മുക്കാലോടെയാണ് സംഭവം
കൊച്ചി: ഓടിക്കൊണ്ടിരുന്ന ആഡംബര കാറിനു തീപിടിച്ചു. വാഹനം കത്തിനശിച്ചു. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല ക്യാംപസിലാണ് സംഭവം. പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ അപകടമാണ് ഒഴിവായത്.(Luxury car caught fire while driving inside Cusat campus)
ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടേ മുക്കാലോടെയാണ് സംഭവം. കുസാറ്റിലെ സ്കൂൾ ഓഫ് മാനേജ്മെന്റിനു മുന്നിലൂടെ കളമശേരിയിലേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്. 75 ലക്ഷത്തോളം വില വരുന്ന കാറാണ് കത്തിനശിച്ചത്. ബോണറ്റിൽ നിന്ന് പുക ഉയരുന്നതു കണ്ട യാത്രക്കാർ ഉടൻ കാറിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു.
തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വിദ്യാർഥികൾ തീ അണയ്ക്കാൻ ശ്രമിച്ചു. തുടർന്ന് അഗ്നിരക്ഷാ സേനയുടെ ഒരു യൂണിറ്റും സ്ഥലത്തെത്തിയാണ് തീ അണച്ചത്. അപകടത്തിൽ കാർ പൂർണമായി കത്തി നശിച്ച നിലയിലാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.