സംസ്ഥാനത്ത് ചക്ക സീസൺ ആരംഭിച്ചതോടെ ഉത്തരേന്ത്യൻ ചക്ക വിപണിയും ഉഷാറായി. അച്ചാറുകൾക്കും , ബേബി ഫുഡ് , മസാല ചേർത്ത വെജിറ്റേറിയൻ ഫാസ്റ്റ് ഫുഡ് തുടങ്ങിയ ഉത്പന്നങ്ങൾക്കായാണ് കേരളത്തിലെ ചക്ക അതിർത്തി കടക്കുന്നത്. There is a huge demand for pre-ripe jackfruit.
തമിഴ്‌നാട്ടിലും വടക്കൻ സംസ്ഥാനങ്ങളിലുമാണ് ചക്ക ഉപയോഗിച്ച് ഉപോത്പന്നങ്ങൾ നിർമിക്കുന്നത്. അച്ചാർ കമ്പനികൾക്ക് ഒന്നരയ്ക്കും മൂന്നരയ്ക്കും ഇടയിൽ തൂക്കമുള്ള ചക്കയാണ് ആവശ്യം. സസ്യാഹാരം മാംസ രുചിയിൽ തയാറാക്കുന്ന വീഗൻ വിപണി സജീവമായതും ചക്കയ്ക്ക് ആവശ്യക്കാർ ഏറാൻ കാരണമായിട്ടുണ്ട്.
ചക്കയുടെ കൂഞ്ഞി, മടൽ എന്നിവ സംസ്‌കരിച്ചാണ് മീനിന്റെയും ഇറച്ചിയുടേയും രുചിയുള്ള ഭക്ഷണം തയാറാക്കുന്നത്.
ഒരു കിലോ ചക്കയ്ക്ക് 30 മുതൽ 50 വരെയാണ് വില. വില്ലറവിപണിയിൽ 70 രൂപവരെയും ലഭിക്കും. സീസണൽ അല്ലാതെ കായ്ക്കുന്ന പ്ലാവിൻ തൈകൾ കൃഷി ചെയ്തു തുടങ്ങിയതാണ് കേരളത്തിൽ സ്ഥിരമായി ചക്കയ്ക്ക് വിപണി ഉണ്ടാവാൻ കാരണം. മറ്റു സംസ്ഥാനങ്ങളിൽ പ്ലാവ് വളരുന്നുണ്ടെങ്കിലും കേരളത്തിലെ ചക്കയ്ക്കാണ് ഗുണമേന്മ കൂടുതൽ. ഇതിനാൽ തന്നെ സംസ്ഥാനത്തെ ചക്കവിപണി വരും വർഷങ്ങളിൽ കൂടുതൽ നേട്ടം കൈവരിക്കാനാണ് സാധ്യത.