തിരുവനന്തപുരം: എ.ഐ ക്യാമറകളും സ്കാനറുകളും ഉപയോഗിച്ച് ചെക്ക് പോസ്റ്റുകളിലെ പരിശോധന നടത്താൻ മോട്ടോർ വാഹനവകുപ്പ് നീക്കം തുടങ്ങി. അനധികൃത കടത്ത് തടയാനും ഉദ്യോഗസ്ഥരുടെ അഴിമതി കുറയ്ക്കാനും ലക്ഷ്യമിടുന്ന പദ്ധതി എം.വി.ഡി നേരത്തെ തന്നെ ഗതാഗതവകുപ്പിന് സമർപ്പിച്ചിരുന്നു.
എന്നാൽ ഇപ്പോഴാണ് അനുകൂല മറുപടി ലഭിച്ചത്. പദ്ധതി നടത്തിപ്പിനെ കുറിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ സി.നാഗരാജു ഇന്ന് പാലക്കാട്ടെ ചെക്ക് പോസ്റ്റുകൾ സന്ദർശനം നടത്തും.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചെക്ക് പോസ്റ്റുകളുള്ളത് കേരളത്തിലാണ്. എട്ടെണ്ണമുണ്ട്.നേരത്തെ ലോഡിന്റെ ഭാരം അറിയുന്നതിനായി വേ ബ്രിഡ്ജുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത് മിക്കയിടത്തും പ്രവർത്തിക്കാത്ത നിലയിലായി. അത് മുതലെടുത്ത് പല ചെക്ക് പോസ്റ്റുകളിലും വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി പരാതികളുയർന്നിരുന്നു.
ഗതാഗത നിയമ ലംഘനം കണ്ടുപിടിക്കാൻ നിരത്തുകളിൽ എ.ഐ ക്യാമറകൾ സ്ഥാപിക്കുന്നതിന് നൽകിയ കരാർ രാഷട്രീയ വിവാദത്തിന് കാരണമായിരുന്നു. 232 കോടി രൂപയുടെ പദ്ധതിയാണ് സർക്കാർ കെൽട്രോൺ മുഖേന നടപ്പിലാക്കിയത്”