എംഎല്‍എ സ്ഥാനം രാജിവച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുത്ത പിവി അന്‍വര്‍ മുന്നണി പ്രവേശനത്തിനുളള നെട്ടോട്ടം തുടരുന്നു. യുഡിഎഫിനാണ് പിന്തുണയെന്ന് പ്രഖ്യാപിക്കുകയും പഴയ ആരോപണങ്ങളുടെ പേരില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനോട് മാപ്പ് പറയുകയും ചെയ്തിട്ടും അനുകൂലമായൊരു പ്രതികരണം ഇതുവരെയും കോൺഗ്രസിൽ നിന്നും വന്നിട്ടില്ല. ഇതോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടക കക്ഷിയാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ക്ക് കത്തയച്ചത്.
യുഡിഎഫുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കത്താണ് അൻവർ നല്‍കിയിരിക്കുന്നത്. 10 പേജുള്ള കത്തില്‍ രാജി മുതല്‍ തൃണമൂലില്‍ ചേര്‍ന്നതു വരെയുളള കാര്യങ്ങള്‍ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. തന്നെ മുന്നണിയുടെ ഭാഗമാക്കിയാല്‍ ഉണ്ടാകുന്ന നേട്ടങ്ങളും ചൂണ്ടികാട്ടിയാണ് കത്ത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസിവേണുഗോപാല്‍ എന്നിവര്‍ക്ക് പുറമേ എല്ലാ ഘടകകക്ഷി നേതാക്കള്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.