മുംബൈ: ബോളീവുഡ് നടൻ സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതിയെ പിടികൂടി. ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ എത്തിയ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. എന്നാൽ ഇയാളാണ് പ്രതിയെന്ന് പൊലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സെയ്ഫ് അലിഖാൻറെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ ആളെ ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കൃത്യം നിർവഹിച്ചതിന് ശേഷം വസായ് വിരാറിലേയ്ക്ക് ലോക്കൽ ട്രെയിനിൽ പോയതായും പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് വസായ്, നലസൊപ്പാര, വിരാർ പ്രദേശങ്ങളിൽ മുംബൈ പൊലീസ് മണിക്കൂറുകൾ നീണ്ട തിരച്ചിൽ നടത്തി.
അതേസമയം, സെയ്ഫ് അലിഖാന്റെ ശരീരത്തിൽ നിന്ന് കത്തിയുടെ ഒരു ഭാഗം പുറത്തെടുത്തു. ഒടിഞ്ഞ നിലയിലായിരുന്നു കത്തിയുടെ ഭാഗങ്ങൾ ഉണ്ടായിരുന്നത്. ഐസിയുവിൽ നിന്ന് ഉടനെ മാറ്റാൻ കഴിയില്ലെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ.
വ്യാഴാഴ്ച പുലർച്ചെയാണ് സെയ്ഫ് അലിഖാനെതിരെ ആക്രമണം ഉണ്ടാകുന്നത്. പതിനൊന്നാം നിലയിലെ ഫഌറ്റിലെത്തി ആക്രമിക്കുകയായിരുന്നു. നട്ടെല്ലിൽ ഉൾപ്പെടെ കുത്തേറ്റ സെയ്ഫ് അലി ഖാൻ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്. 2.5 ഇഞ്ച് നീളമുള്ള കത്തി കൊണ്ടാണ് കുത്തിയത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം അപകട നിലതരണം ചെയ്തതായാണ് ഡോക്ടർമാർ പറയുന്നത്.