കൊല്ലം: ക്ലാസ്സിൽ സീറ്റ് മാറിയിരുന്നതിന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന് പരാതി. കൊല്ലം പുത്തൂർ പവിത്രേശ്വരം സ്കൂളിലെ അധ്യാപകനെതിരെയാണ് പരാതി. സംഭവത്തിൽ സോഷ്യൽ സയൻസ് പഠിപ്പിക്കുന്ന പ്രമോദ് ജി. കൃഷ്ണനെതിരെ പോലീസ് കേസെടുത്തു.(Complaint that teacher brutally beat up 9th class student)
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വിദ്യാർഥിയുടെ നേർക്ക് ഡെസ്റ്റർ എറിഞ്ഞ ശേഷം പിടിച്ചു തള്ളി ചുമരിൽ തല ഇടിച്ചതായാണ് പരാതിയിൽ പറയുന്നത്. ഇരിപ്പിടം മാറിയിരുന്നതിന് മുഖത്ത് അടിച്ചതായും പിടിച്ചു തള്ളിയതായും വിദ്യാർഥി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വൈകിട്ട് വീട്ടിലെത്തിയ കുട്ടിയുടെ കവിള് വീങ്ങിയിരിക്കുന്നത് കണ്ട രക്ഷിതാക്കൾ കാര്യം തിരക്കിയപ്പോളാണ് മർദ്ദനവിവരം പുറത്തറിയുന്നത്.
തുടർന്ന് രക്ഷിതാവ് പുത്തൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ടടക്കമുള്ള വകുപ്പുകൾ ചുമത്തി അധ്യാപകനെതിരെ കേസെടുത്തു. ഇതിന് പിന്നാലെ അധ്യാപകൻ ഒളിവിൽ പോയെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താൻ പുത്തൂർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.