ന്യൂഡൽഹി: ചത്തീസ്ഗഡിൽ മാധ്യമപ്രവർത്തകന് മുകേഷ് ചന്ദ്രക്കാറിന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. കൊല്ലപ്പെട്ട മുകേഷിന്റെ ബന്ധുക്കളായ രണ്ടുപേർ ഉൾപ്പടെ മൂന്നുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സ്വതന്ത്ര മാധ്യമപ്രവർത്തകനായ മുകേഷ് ചന്ദ്രക്കർ(32)ന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം ബിജാപൂരിലെ ചട്ടൻപാറ ബസ്തിയിലെ സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയത്. ജനുവരി ഒന്ന് മുതലാണ് ഇദ്ദേഹത്തെ കാണാതായത്.
സംഭവത്തിൽ മുകേഷിന്റെ ബന്ധുവായ റിതേഷ് ചന്ദ്രാകറിനെ ശനിയാഴ്ച റായ്പൂർ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. പിന്നിട് മുകേഷിന്റെ മറ്റൊരു ബന്ധു ദിനേഷ് ചന്ദ്രാകർ, സൂപ്പർവൈസറായ മഹേന്ദ്ര രാംടെകെ എന്നിവരെ ബിജാപൂരിൽ നിന്ന് പിടികൂടി.
കൊലപാതകത്തിന് പിന്നിലെ മുഖ്യ സൂത്രധാരനെന്ന് പറയപ്പെടുന്ന കരാറുകാരൻ സുരേഷ് ചന്ദ്രകർ ഇപ്പോഴും ഒളിവിലാണ്.
ബന്ധുവായ റിതേഷ്, മഹേന്ദ്ര രാംടെകെ എന്നിവർക്കൊപ്പം സുരേഷിന്റെ സ്ഥലത്ത് വച്ച് മുകേഷ് അത്താഴം കഴിച്ചതായും പിന്നീട് ഇവരുമായി മുകേഷ് തർക്കമുണ്ടായതായും പോലീസ് പറഞ്ഞു.
റിതേഷും മഹേന്ദ്രയും മുകേഷിനെ ഇരുമ്പ് വടി കൊണ്ട് ആക്രമിക്കുകയും തുടർന്ന് മുകേഷ് സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെടുകയായിരുന്നു. പിന്നീട് ഇവർ മുകേഷിനെ റ മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി. മുകേഷിന്റെ ഫോണും കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പിന്നീട്നശിപ്പിച്ചു.
കോൺക്രീറ്റ് ഉപയോഗിച്ച് പുതുതായി അടച്ച നിലയിലായിരുന്നു സെപ്റ്റിക് ടാങ്ക്. മുകേഷിന്റെ തലയിലും മുതുകിലും ഒന്നിലധികം മുറിവുകള് കണ്ടെത്തി. സെപ്റ്റിക് ടാങ്കിലെ വെള്ളത്തിൽ കിടന്നു ചീർത്ത നിലയിലായിരുന്നു മുകേഷിൻ്റെമൃതദേഹം. ധരിച്ചിരുന്ന വസ്ത്രത്തിലൂടെയും കൈയിലെ ടാറ്റുവിലൂടെയുമാണ് മൃതദേഹം തിരിച്ചറിഞ്ഞത്.