കണ്ണൂർ: കണ്ണൂർ വളക്കൈയിലെ സ്കൂൾ ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് എംവിഡി. വാഹനത്തിന് രേഖാപരമായി ഫിറ്റ്നസ് ഇല്ല. ബ്രേക്കിന് പ്രശ്നങ്ങളുള്ളതായി പ്രാഥമിക വിവരമില്ലെന്നും എംവിഡി ഉദ്യോഗസ്ഥൻ റിയാസ് എം ടി പറഞ്ഞു. വാഹനത്തിന് 14 വർഷത്തെ പഴക്കമുണ്ടെന്നും അദ്ദേഹം അറിയിച്ചു.(Kannur school bus accident; school bus was in over speed)
അമിത വേഗതയിലായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എന്നാൽ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു ഡ്രൈവർ നിസാം പറഞ്ഞത്. ബസ് അമിതവേഗതയിലായിരുന്നില്ലെന്ന് ബസിലുണ്ടായിരുന്ന ആയ സുലോചനയും പ്രതികരിച്ചിരുന്നു.
ഇന്ന് വൈകിട്ടാണ് കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കുറുമാത്തൂർ ചിന്മയ സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ നേദ്യ മരിക്കുകയും നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.