കൊല്ലം: സ്ത്രീധന പീഡനത്തെത്തുടർന്ന് കൊല്ലം സ്വദേശിയായ വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ അനുവദിച്ചു. 30 ദിവസത്തെ പരോൾ ആണ് അനുവദിച്ചത്. പോലീസ് റിപ്പോർട്ട് തള്ളിയാണ് ജയിൽ വകുപ്പിന്റെ നടപടി.(Vismaya Case; 30 days parole granted for accused Kiran)
ആദ്യത്തെ അപേക്ഷയിൽ പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും കിരണിന് എതിരായിരുന്നു. എന്നാൽ രണ്ടാമത് നൽകിയ അപേക്ഷയിൽ പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായും പൊലീസ് റിപ്പോർട്ട് പ്രതികൂലമായും വന്നു. തുടർന്ന് ജയിൽ മേധാവി അപേക്ഷ പരിഗണിച്ചാണ് പരോൾ അനുവദിച്ചത്.
2019 മെയ് 31ന് ആണ് നിലമേൽ കൈതോട് കുളത്തിൻകര മേലേതിൽ പുത്തൻവീട്ടിൽ ത്രിവിക്രമൻനായരുടെയും സരിതയുടെയും മകൾ വിസ്മയയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മോട്ടോർ വാഹന വകുപ്പിലെ ഓഫീസറായിരുന്ന പ്രതി കിരൺ സ്ത്രീധനം കുറഞ്ഞതിൻ്റെ പേരിൽ വിസ്മയയെ പീഡിപ്പിച്ചിരുന്നു. കേസിൽ പത്ത് വർഷത്തെ തടവാണ് കിരണിന് കൊല്ലം ഒന്നാം അഡിഷണൽ സെഷൻസ് കോടതി വിധിച്ചത്.