തൊടുപുഴ: മഞ്ഞ് പതഞ്ഞൊഴുകും നയാഗ്രാ വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നു കൈനിറയെ സമ്മാനങ്ങളുമായി വന്ന സാന്താക്ലോസിനെ കണ്ട സന്തോഷത്തിലാണ് നാകപ്പുഴക്കാർ.
കണ്ടാൽ ഒറിജിനല്‍ ക്രിസ്മസ് പപ്പായാണെന്ന് പോലും സംശയിച്ച് പോകും കാനഡയില്‍ നിന്നെത്തിയ പഞ്ചാബ് സ്വദേശിയായ അമന്‍ജിത്ത് സിങ് ജോസാനെ കണ്ടാല്‍. അത്രയ്ക്കുണ്ട് സാന്റാക്‌ളോസുമായി അമന്‍ജിത്തിനുള്ള രൂപ സാദൃശ്യം.
രണ്ടാഴ്ച മുമ്പാണ് നാകപ്പുഴയിലെ വെമ്പിള്ളി ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സക്കായി അമന്‍ജിത്ത് സിങും ഭാര്യ ദുര്‍വീന്ദര്‍ കൗറും ഇവിടെ എത്തിയത്. സ്‌പോര്‍ട്‌സ് ആയുര്‍വേദ വിദഗ്ധനായ ഡോ. മാത്യൂസ് വെമ്പിള്ളിയുടെ മേല്‍നോട്ടത്തില്‍ ചികിത്സ പൂര്‍ത്തിയാക്കി മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായി സാന്റാക്ലോസായി അമന്‍ജിത്ത് സിങ് വേഷമിട്ടത്.
നരച്ച താടിയും കൊമ്പന്‍ മീശയും ആകാരവടിവുമുള്ള അമന്‍ജിത്ത് സിങിന് സാന്റയോടുള്ള രൂപസാദൃശ്യം മനസിലാക്കുകയായിരുന്നു. ഒട്ടും മടിക്കാതെ തൊപ്പിയും കുപ്പായവുമായി അമന്‍ജിത്ത് സിങിന് മുന്നിലെത്തി. കാര്യം പറഞ്ഞതും അയാം ഓക്കെ……. എന്ന് പറഞ്ഞ് അമന്‍ജിത്ത് റെഡിയായി.
പിന്നെ താമസമൊന്നും വന്നില്ല. നിമിഷങ്ങള്‍ക്കകം സാന്റാക്ലോസ് റെഡിയായി. ക്രിസ്മസ് പപ്പായായി മാറിയ ഇദ്ദേഹത്തെ കണ്ട് എല്ലാവരുമൊന്ന് ഞെട്ടി. മുഖം മൂടി ധരിച്ചെത്തുന്ന സാന്റാ ക്ലോസിനെ കണ്ട് ശീലിച്ചവര്‍ക്ക് ഇതൊരു അത്ഭുത കാഴ്ചയായിരുന്നു. അത്രയേറെ രൂപസാദൃശ്യമായിരുന്നു സാന്റാക്ലോസുമായി അമന്‍ജിത്ത് സിങിനുണ്ടായിരുന്നത്.
കാനഡ ഒണ്ടാറിയോയില്‍ ഹോര്‍ട്ടി കോര്‍പ്പ് സയന്റിസറ്റാണ് ഇദ്ദേഹം. നയാഗ്രയിലാണ് ഇദ്ദേഹത്തിന്റെ ഓഫീസ്. കുടുംബത്തോടൊപ്പം വര്‍ഷങ്ങളായി കാനഡയിലാണ് സ്ഥിര താമസവും. കലശലായ നടുവ് വേദന അനുഭവിച്ചിരുന്ന അമന്‍ജിത്തും അസഹനീയമായ കാല്‍മുട്ട് വേദനയാല്‍ ബുദ്ധിമുട്ടിയിരുന്ന ഭാര്യ ദുര്‍വീന്ദര്‍ കൗറും ആയുര്‍വേദ ചികിത്സക്കായാണ് വെമ്പിള്ളി ആശുപത്രിയിലെത്തിയത്.