കൊച്ചി: കോതമംഗലത്ത് ആറുവയസുകാരി മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെയാണ് കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം കുട്ടി മരിച്ചിരിക്കുന്നത് ശ്വാസംമുട്ടിയാണ്. മാത്രമല്ല ഇൻക്വസ്റ്റ് നടപടികളിൽ കുട്ടിയുടെ ശരീരത്തിൽ പാടുകൾ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.
പുറത്ത് നിന്നും മറ്റാരെങ്കിലും കുട്ടിയെ അപായപ്പെടുത്താനുള്ള സാധ്യതയുണ്ടോ എന്നതടക്കം പൊലീസ് പരിശോധിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ഒന്നും പൊലീസിന് ലഭിച്ചില്ല. നിലവിൽ കുട്ടിയുടെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു.
അതിഥി തൊഴിലാളിയായ അജാസ് ഖാന്റെ മകൾ മുസ്‌കാൻ ആണ് മരിച്ചത്. അജാസ് ഖാനും ഇയാളുടെ രണ്ടാം ഭാര്യക്കുമൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്.
രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങിയ കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നായിരുന്നു ഇവരുടെ മൊഴി.
ഇളയസഹോദരിക്കൊപ്പം ഒരു മുറിയിലാണ് കുട്ടി കിടന്നതെന്നും ഇവർ മൊഴി നൽകിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.”