തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു ദിവസത്തിനിടെ വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത് രണ്ട് ജീവനുകളാണ്. കഴിഞ്ഞ കുറച്ച് നാളുകളായി സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങളുടെ എണ്ണത്തിലും വലിയ വർദ്ധനവാനുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വനംമന്ത്രി എകെ ശശീന്ദ്രൻ നിയമസഭയിൽ കാണിച്ച കണക്കുകളനുസരിച്ച് കഴിഞ്ഞ എട്ടു വർഷത്തിനിടെ സംസ്ഥാനത്ത് 909 പേരാണ് വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റവർ 7492 പേരാണ്.
2016 മുതൽ 2023 വരെ മാത്രം കേരളത്തിൽ 55,839 വന്യജീവി ആക്രമണങ്ങളുണ്ടായതായാണ് രേഖകൾ പറയുന്നു. 2016 മുതൽ 2024 ഫെബ്രുവരി വരെയുള്ള കണക്ക് അനുസരിച്ച് വന്യജീവി ആക്രമണത്തിൽ മരിച്ചത് 909 പേരാണ്. 2016ൽ മാത്രം 142 പേരാണ് കൊല്ലപ്പെട്ടത്. 2017 ൽ 110, 2018 ൽ 134, വന്യജീവി ആക്രമങ്ങളിൽ കൊല്ലപ്പെട്ടു. 2019 ൽ 100 ജീവൻ നഷ്ടമായത് പേർക്കാണ്. 2020 ൽ 100. 2021ൽ 127, 2022ൽ 111, 2023 ൽ 85 പേരും കൊല്ലപ്പെട്ടു.
വനംമന്ത്രി നിയമസഭയിൽ കാണിച്ചിട്ടുള്ള കണക്കുപ്രകാരം 909 പേർ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും നഷ്ടപരിഹാരം ലഭിച്ചത് 706 പേർക്ക് മാത്രമാണ്. കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം 2019–24 കാലയളവിൽ കേരളത്തിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 486 പേരാണ്. 2023–24 കാലയളവിൽ മാത്രമായി 94 പേർക്ക് ജീവൻ നഷ്ടമായി.
ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയത് 2021–22 കാലഘട്ടത്തിലാണ് (114 പേർ). ആനകളുടെ ആക്രമണത്തിൽ 35 പേരും കടുവകളുടെ ആക്രമണത്തിൽ ഒരാളും മറ്റ് വന്യജീവികളുടെ ആക്രമണത്തിൽ 78 പേരുമാണ് അന്ന് മരിച്ചത്. 2020–21 കാലയളവിൽ 88 പേരും 2022–23 കാലയളവിൽ 98 പേരുമാണ് മരിച്ചത്. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയമാണ് കണക്ക് പുറത്തുവിട്ടത്.
∙ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവർ
2016- 142
2017- 110
2018- 134
2019- 100
2020- 100
2021- 127
2022 – 111
2023 – 85
2016 – 2024
ആക്രമണങ്ങൾ– 55,839
പരുക്കേറ്റവർ– 7,492
നഷ്ടപരിഹാരം ലഭിച്ചവർ– 6,059
കൃഷിനാശം– 68.43 കോടി രൂപ