ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി. തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദ്ദേശം നല്‍കിയത്.
സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെട്ട് വരുന്നതായി മണിപ്പൂര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. വെള്ളിയാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സംഘര്‍ഷം തുടരുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ ദിവസം നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. ബിഷ്ണുപൂര്‍ ജില്ലയിലെ കൊയിജുമന്‍താപി ജില്ലയില്‍ ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. അജ്ഞാതരായ തോക്കുധാരികളാണ് ഗ്രാമത്തിന് കാവല്‍ നിന്നിരുന്ന മൂന്ന് പേരെ വെടിവെച്ചുകൊന്നത്. ഒരാളുടെ തലയറുത്തെന്നും പൊലീസ് പറയുന്നു.
അതിനിടെ, മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയില്‍ രണ്ട് മാസമായി തുടരുന്ന ദേശീയപാത ഉപരോധം പിന്‍വലിക്കുമെന്ന് കുക്കി വിമത ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇംഫാലിനെയും നാഗാലാന്റിലെ ധിമാപൂര്‍ ജില്ലയേയും ബന്ധിപ്പിക്കുന്ന ഹൈവേ മെയ് 3 മുതല്‍ ഉപരോധിച്ചിരുന്നു. അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിനാണ് ഹൈവേ ഉപരോധം ഇപ്പോള്‍ പിന്‍വലിച്ചത്.
കലാപത്തിന് പിന്നില്‍ മ്യാന്മറോ ചൈനയോ ആകാന്‍ സാധ്യതയുണ്ടെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. മ്യാന്മറുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് മണിപ്പൂര്‍. സമീപത്തു തന്നെ ചൈനയുമുണ്ട്. അതിര്‍ത്തിയില്‍ 398 കിലോമീറ്ററോളം ആവശ്യത്തിന് സുരക്ഷ ഇല്ലാത്ത പ്രദേശമാണ്. അതിര്‍ത്തിയില്‍ സുരക്ഷാസേനയുടെ സാന്നിധ്യമുണ്ടെങ്കിലും അതിവിശാലമായ പ്രദേശം മുഴുവനും അവര്‍ക്ക് നിരീക്ഷിക്കാനാവില്ല. അതുകൊണ്ടുതന്നെ സംഭവങ്ങള്‍ക്ക് പിന്നില്‍ രാജ്യത്തിന് പുറത്തുള്ള ശക്തികളുടെ പങ്ക് തള്ളിക്കളയാനോ സ്ഥിരീകരിക്കാനോ കഴിയില്ലെന്നും ബീരേന്‍ സിംഗ് പറഞ്ഞിരുന്നു.
സംസ്ഥാനത്തെ ക്രമസമാധാനം പാലിക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടെന്ന രൂക്ഷമായ ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. ഉത്തരവാദിത്തം ഏറ്റെടുത്ത് ബിരേന്‍ സിംഗ് സ്ഥാനമൊഴിയണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നു. നേരത്തെ ബിരേന്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. ഒരു ദിവസത്തോളം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍, താന്‍ രാജിവെക്കുന്നില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. രാജിസന്നദ്ധത അറിയിക്കാന്‍ ബീരേന്‍ സിംഗ് ഗവര്‍ണറെ കാണാനെത്തിയിരുന്നു എന്നും ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്മാറിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബീരേന്‍ സിംഗിനെ തടഞ്ഞ ജനക്കൂട്ടം രാജിക്കത്ത് കീറിക്കളഞ്ഞെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ അദ്ദേഹം രാജിതീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. എന്നാല്‍, ഇതൊക്കെ ബിരേന്‍ സിംഗിന്റെ നാടകമാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചത്.