ന്യൂഡല്‍ഹി: തക്കാളി വിളവില്‍ സംഭവിച്ച കുറവാണ് തക്കാളിയുടെ വിലവര്‍ദ്ധനയ്ക്ക് പ്രധാനകാരണമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ ഏറ്റവും വലിയ തക്കാളി ഉദ്പാദകരായ കര്‍ണാടകയിലെ കോലാറിലും സമീപജില്ലകളിലും തക്കാളിയെ ബാധിച്ച ഇല ചുരുളന്‍ വൈറസ് രോഗങ്ങളാണ് വിളവില്‍ ഇടിവുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഈ പ്രദേശങ്ങളില്‍ സാധാരണ ഒരു വിളവെടുപ്പ് സീസണില്‍ പതിനഞ്ച് തവണവരെ വിളവെടുപ്പ് നടക്കാറുണ്ട്. എന്നാല്‍ ഇത്തവണ 3 മുതല്‍ 5 തവണ വരെയാണ് വിളവെടുപ്പ് സാധ്യമായതെന്നാണ് കര്‍ഷകരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.
ഐസിഎആര്‍-ഐഐഎച്ച്ആര്‍ ശാസ്ത്രജ്ഞന്മാരുടെ റിപ്പോര്‍ട്ടിലും കോലാറിലെ തക്കാളിപ്പാടങ്ങളില്‍ ഇലച്ചുരുളന്‍ വൈറസ് ബാധ 50% വിളകളെ ബാധിച്ചതായി പറയുന്നുണ്ട്. രോഗബാധ തക്കാളിയുടെ ഗുണനിലവാരത്തെയും ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. 72 മണിക്കൂറെങ്കിലും ഗുണനിലവാരത്തോടെ ശേഷിച്ചാല്‍ മാത്രമേ കോലാറില്‍ നിന്നും ഡല്‍ഹി പോലുള്ള സ്ഥലങ്ങളിലേക്ക് തക്കാളി കയറ്റി അയക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന തക്കാളിക്ക് പരമാവധി 52 മണിക്കൂര്‍ കഴിയുമ്പോഴേക്കും ചീഞ്ഞുപോകുന്നതായി കോലാറിലെ അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി ചൂണ്ടിക്കാണിച്ചതായും ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്.
നേരത്തെ കോലാറില്‍ നിന്ന് പ്രതിദിനം 2.3-3 ലക്ഷം പെട്ടി തക്കാളിയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയച്ചിരുന്നത്. എന്നാല്‍ ജൂണ്‍ 29ന് ഇവിടെ നിന്നും 68,912 പെട്ടി തക്കാളി മാത്രമാണ് കയറ്റി അയക്കാന്‍ കഴിഞ്ഞതെന്നും എപിഎംസി ഭാരവാഹികള്‍ വ്യക്തമാക്കുന്നുണ്ട്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്തെ ഏറ്റവും വലിയ തക്കാളി കയറ്റുമതിക്കാരാണ് കോലാര്‍ എപിഎംസി. ഈ ജൂണില്‍ 3.2 ലക്ഷം ക്വിന്റല്‍ തക്കാളിയാണ് ഈ ജൂണില്‍ ഇവിടെ ലഭിച്ചതെന്നാണ് എപിഎംസി അധികൃതര്‍ വ്യക്തമാക്കുന്നത്. 2022 ജൂണില്‍ 5.45 ലക്ഷം ക്വിന്റല്‍ തക്കാളിയും 2021 ജൂണില്‍ 9.37 കിന്റ്വല്‍ തക്കാളിയും കോലാര്‍ എപിഎംസി സംഭരിച്ചിരുന്നു.