ഇസ്ലാമാബാദ്: ചൈനീസ് ശതകോടീശ്വരനും ഇ കൊമേഴ്‌സ് കമ്പനിയായ ആലിബാബയുടെ സഹസ്ഥാപകനുമായ ജാക്ക് മായുടെ അപ്രതീക്ഷിത പാക്കിസ്ഥാന്‍ സന്ദര്‍ശനത്തില്‍ ദുരൂഹത പുകയുന്നു. ജൂണ്‍ 29നാണ് ജാക്ക് മാ പാക്കിസ്ഥാനിലെ ലാഹോറില്‍ എത്തിയത്. 23 മണിക്കൂറോളം അവിടെ ചെലവഴിച്ചെന്നാണ് വിവരം. പാക്കിസ്ഥാനിലെ ഇംഗ്ലിഷ് ദിനപത്രമായ ‘ദ് എക്‌സ്പ്രസ് ട്രിബ്യൂണ്‍’ ആണ് ജാക്ക് മായുടെ സന്ദര്‍ശനം സ്ഥിരീകരിച്ചത്.
സന്ദര്‍ശനത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും മാധ്യമങ്ങളുമായുള്ള ആശയവിനിമയം ഒഴിവാക്കിയ ജാക്ക് മാ, സ്വകാര്യ സ്ഥലത്താണ് താമസിച്ചത്. ജെറ്റ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ജെറ്റില്‍ ജൂണ്‍ 30ന് അദ്ദേഹം തിരിച്ചുപോയി. എന്തിനായിരുന്നു ജാക്ക് മായുടെ പാക്കിസ്ഥാന്‍ സന്ദര്‍ശനം എന്നതു സംബന്ധിച്ച് കൃത്യമായ വിവരമില്ല. എന്നാല്‍ വരും ദിവസങ്ങളില്‍ പാക്കിസ്ഥാന് ഒരു ശുഭവാര്‍ത്തയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ബോര്‍ഡ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് (ബിഒഐ) മുന്‍ ചെയര്‍മാന്‍ മുഹമ്മദ് അസ്ഫര്‍ അഹ്സന്‍ പറഞ്ഞു.
അഞ്ച് ചൈനീസ് പൗരന്മാര്‍, ഒരു ഡാനിഷ് പൗരന്‍, ഒരു യുഎസ് പൗരന്‍ എന്നിവരടങ്ങുന്ന ഏഴു ബിസിനസുകാരുടെ പ്രതിനിധി സംഘവും മായ്ക്കൊപ്പമുണ്ടായിരുന്നു. ഹോങ്കോങ്ങില്‍നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ നേപ്പാള്‍ വഴിയാണ് ഇവര്‍ പാക്കിസ്ഥാനിലെത്തിയത്. ജാക്ക് മായും സംഘവും പാക്കിസ്ഥാനിലെ വിവിധ വ്യാപാര കേന്ദ്രങ്ങളില്‍ സന്ദര്‍ശനവും പ്രമുഖ വ്യവസായികളുമായി കൂടിക്കാഴ്ചകളും നടത്തിയതില്‍ നിരവധി ഊഹാപോഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ടെങ്കിലും ഏതെങ്കിലും പ്രത്യേക ബിസിനസ് ഡീലുകള്‍ സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഇതുവരെയില്ല.
ജാക്ക് മായുടേത് സ്വകാര്യ സന്ദര്‍ശനമായിരുന്നെന്നും എന്നാല്‍ ടൂറിസം മേഖലയില്‍ ഇതു പാക്കിസ്ഥാന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും മുഹമ്മദ് അസ്ഫര്‍ അഹ്സന്‍ പറഞ്ഞു. മായുടെ സന്ദര്‍ശനത്തെക്കുറിച്ചു പാക്കിസ്ഥാനിലെ ചൈനീസ് എംബസിക്ക് പോലും അറിയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.