ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ ഹൈദരാബാദിലെ തീയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തനിക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് നടന്‍ അല്ലു അര്‍ജുന്‍. കേസില്‍ അറസ്റ്റ് ഉള്‍പ്പടെ തനിക്കെതിരെയുള്ള തുടര്‍നടപടികള്‍ അവസാനിപ്പിക്കണം എന്നാണ് നടന്റെ ആവശ്യം. തെലങ്കാന ഹൈക്കോടതിയെയാണ് അല്ലു അർജുൻ സമീപിച്ചത്.(Allu Arjun seeks to quash FIR on woman died in a stampede at Pushpa 2 premiere)
ഡിസംബര്‍ നാല് ബുധനാഴ്ച രാത്രി 11 മണിക്ക് പ്രീമിയര്‍ ഷോക്കിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ അല്ലു അര്‍ജുന്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 35-കാരിയായ രേവതി മരിച്ചത്. സംഭവത്തില്‍ ഇവരുടെ മകനും പരിക്കേറ്റിരുന്നു.
ഇതേ തുടർന്ന് ഡിസംബര്‍ അഞ്ചിന് അല്ലു അര്‍ജുനും അദ്ദേഹത്തിന്റെ സുരക്ഷാ സംഘത്തിനും തിയ്യേറ്റര്‍ ഉടമകള്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ ബിഎന്‍സ് സെക്ഷന്‍ 105, 118 (1) എന്നിവ അടിസ്ഥാനമാക്കിയാണ് കേസെടുത്തത്. കേസില്‍ തിയ്യേറ്റര്‍ സീനിയര്‍ മാനേജറും ഒരു ജീവനക്കാരനും അറസ്റ്റിലായിരുന്നു.