കൊട്ടാരക്കര: പ്രശസ്ത നടി അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റി കറങ്ങി നടന്ന് റബർ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയയാളെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം നെടുമങ്ങാട് തെന്നൂർ നരിക്കൽ പ്രബിൻ ഭവനിൽ ആർ. പ്രബിൻ (29) ആണ് പിടിയിലായത്.(Actress Anusree’s father’s car stolen; accused was arrested)
കഴിഞ്ഞ 7ന് രാത്രി 12ന് ആണ് അനുശ്രീയുടെ പിതാവ് മുരളീധരൻപിള്ളയുടെ പേരിലുള്ള കാർ ഇഞ്ചക്കാട്ടെ സെക്കൻഡ് ഹാൻഡ് കാർ വിൽപന ഷോറൂമിൽ നിന്നു മോഷണം പോയത്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് പ്രബിനെ പിടികൂടാനായത്. സംസ്ഥാനത്തുടനീളമുള്ള ഒട്ടേറെ മോഷണ കേസുകളിലെ പ്രതിയാണ് ഇയാൾ. പരാതിയിൽ നിന്ന് 94000 രൂപയും കാർ മോഷ്ടിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
കാർ മോഷ്ടിച്ച ഇയാൾ പോകുന്ന വഴിയിൽ വെള്ളറടയിലെ റബർ വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് 500 കിലോയിലേറെ റബർ ഷീറ്റും 7000 രൂപയും മോഷ്ടിച്ചു. റബർ ഷീറ്റ് വിറ്റ ശേഷം അന്ന് രാത്രി കാറിൽ തന്നെ കിടന്ന് ഉറങ്ങി പിറ്റേന്ന് പത്തനംതിട്ട പെരിനാട്ടെ റബർ വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് 400 കിലോയിലേറെ റബർ ഷീറ്റ് മോഷ്ടിച്ച് പൊൻകുന്നത്ത് വിറ്റു. ഇവിടുന്ന് കിട്ടിയ പണവുമായി കോഴിക്കോട്ടെ പെൺസുഹൃത്തിന്റെ അടുത്തേക്ക് പോകും വഴി പാലായ്ക്ക് സമീപം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു.
തുടർന്ന് സ്ഥലത്ത് നിന്നു കടന്നുകളഞ്ഞ ഇയാൾ സമീപ സ്ഥലത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ വാഹനം നിർത്തിയിട്ട ശേഷം ബസിൽ തിരുവനന്തപുരത്തേക്ക് പോയി. തിരുവനന്തപുരത്ത് നിന്നു സ്വന്തം മോട്ടർ സൈക്കിളിൽ കോഴിക്കോട്ടേക്ക് പോകും വഴിയാണ് കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ കൊട്ടാരക്കര ഫെയ്ത്ത് ഹോം ജംക്‌ഷനിൽ വച്ച് കൊട്ടാരക്കര പൊലീസ് പ്രതിയെ പിടികൂടിയത്.