പാലക്കാട്: സിപിഎം വിമത നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ നീക്കവുമായി കോൺഗ്രസ്.
ജില്ലാ സെക്രട്ടറിക്കെതിരെ കലാപക്കൊടി ഉയ൪ത്തിയ പാലക്കാട് കൊഴിഞ്ഞാംപാറയിലെ സിപിഎം വിമതരെ പാർട്ടിയിലെത്തിക്കാനാണ് കോൺഗ്രസിൻ്റെ നീക്കം.
അതിനായുള്ള നീക്കങ്ങൾക്ക് തുടക്കം കുറിച്ച് രഹസ്യ ചർച്ചകൾ നടന്നതായാണ് സൂചന. ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവിന്‍റെ നേതൃത്വത്തിലാണ് വിമത നേതാക്കളുമായി രഹസ്യ ചർച്ചകൾ നടത്തിയത്. സിപിഎം വിമതരെ ഡിസിസി പ്രസിഡൻറ് എ.തങ്കപ്പൻ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു.
ജില്ലാ സെക്രട്ടറിക്കെതിരെ കലാപക്കൊടി ഉയ൪ത്തിയ കൊഴിഞ്ഞാംപാറയിലെ പ്രാദേശിക സിപിഎം നേതാക്കളെ പാർട്ടിയിലെത്തിക്കാനാണ് കോൺഗ്രസ് നോക്കുന്നത്.
കൊഴിഞ്ഞാംപാറ പഞ്ചായത്ത് പ്രസിഡൻറും വിമത നേതാവുമായ സതീഷുമായി ജില്ലയിലെ മുതി൪ന്ന കോൺഗ്രസ് നേതാവ് രഹസ്യ ച൪ച്ച നടത്തിയെന്നാണ് പുറത്തു വരുന്ന വിവരം. പ്രാദേശിക കോൺഗ്രസ് നേതാക്കളുമായി നടത്തിയ ച൪ച്ച വിമത നേതാക്കളും തള്ളുന്നില്ല.
സിപിഎം നടപടിക്ക് ശേഷമേ മറ്റു കാര്യങ്ങളെക്കുറിച്ച് ആലോചിക്കൂവെന്നാണ് ഇക്കാര്യത്തിൽ സതീഷിൻറെ നിലപാട്. പാ൪ട്ടി നടപടിയുണ്ടായാൽ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവെച്ച ശേഷം കോൺഗ്രസിൽ ചേരാനാണ് സാധ്യത.
വിമത സിപിഎം നേതാക്കളുമായി ച൪ച്ച നടത്തിയ കാര്യം ജില്ലാ കോൺഗ്രസ് നേതൃത്വവും തള്ളിയില്ല. പ്രാദേശിക സിപിഎം നേതാവ് വി.ശാന്തകുമാറടക്കം കൊഴിഞ്ഞാംപാറയിലെ 37 ബ്രാഞ്ചിൽ 28 ഉം വിമത൪ക്കൊപ്പമാണെന്നാണ് റിപ്പോർട്ട്.
ഇവരെ പൂ൪ണമായും കോൺഗ്രസ് പാളയത്തിലെത്തിക്കാനാണ് നീക്കം. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള തിരക്കിട്ട നീക്കമാണ് കോൺഗ്രസ് നടത്തുന്നത്.