മലപ്പുറം: മലപ്പുറം പൂക്കോട്ടൂർ പള്ളിപ്പടിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അറവങ്കര ന്യൂ ബസാർ കക്കോടി കുഞ്ഞാപ്പുവിന്റെ മകൻ നസീഫ് അലി ആണ് മരിച്ചത്. ഇന്ന് രാവിലെ 11മണിയോടെയായിരുന്നു അപകടം.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറും മലപ്പുറം ഭാഗത്തേക്ക് വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നസീഫിനെ മലപ്പുറം എം. ബി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.