തിരുവനന്തപുരം: ജനവികാരം എതിരാക്കുമെന്ന് ആശങ്ക, അടുത്ത വർഷത്തേക്ക് പ്രഖ്യാപിച്ച 12 പൈസ വൈദ്യുതി നിരക്ക് വർധന വേണ്ടെന്നു വച്ചേക്കും.
ഈ വർഷം യൂണിറ്റിന് 16 പൈസ വർദ്ധിപ്പിച്ചു. ഇതിനൊപ്പമാണ് അടുത്ത വർഷത്തെ വർദ്ധനവും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതോടൊപ്പം ഫിക്സഡ് ചാർജും കൂട്ടിയിരുന്നു.
രണ്ടാം പിണറായി സർക്കാർ എല്ലാ വർഷവും വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയിരുന്നു.
അടുത്ത വർഷത്തെ വർദ്ധന ഒഴിവാക്കാൻ ശ്രമിക്കുമെന്നും ഈ മാസം മുതൽ പകൽ നിരക്കിൽ യൂണിറ്റിന് 10 പൈസ കുറച്ച് നൽകുമെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ആവശ്യമുള്ള വൈദ്യുതിയുടെ 70 ശതമാനവും പുറത്തുനിന്നാണ് വാങ്ങുന്നത്. സ്വന്തം ഉത്പാദനം കുറഞ്ഞതോടെ, പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നതും അതിന് അമിതവില കൊടുക്കേണ്ടി വരുന്നതും കെ.എസ്.ഇ.ബിക്ക് വൻ നഷ്ടമാണെന്നാണ് സർക്കാർ വാദം.
കമ്മി നികത്തിയാൽ നിരക്ക് വർദ്ധന ഒഴിവാക്കാമെന്ന കണക്കു കൂട്ടലിലാണ് സർക്കാർ.
വർഷം തോറും 500 മുതൽ 1200 വരെ മെഗാവാട്ടാണ് വൈദ്യുതി കമ്മി. സോളാർ ഉത്പാദനം വർദ്ധിപ്പിച്ചാൽ 500 മെഗാവാട്ട് കൂടുതൽ കിട്ടും.
പക്ഷേ, രാത്രി ഉപയോഗത്തിനായി ശേഖരിച്ചു വയ്ക്കാൻ കഴിയുന്നില്ലെന്നതാണ് പോരായ്മ. കേന്ദ്രസർക്കാർ കഴിഞ്ഞ മാസം 135 കോടിയുടെ ബാറ്ററി സ്റ്റോറേജ് സഹായം നൽകിയിട്ടുണ്ട്. വയബിലിറ്റി ഗ്യാപ് ഫണ്ടായാണ് സഹായം. ഇത് ഉപയോഗിച്ച് 500 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി സ്റ്റോറേജ് സ്ഥാപിക്കാനാണ് തീരുമാനം.
കൽക്കരി അലോട്ട്‌മെന്റ് ഉപയോഗിച്ച് സംസ്ഥാനത്തിന് പുറത്ത് താപനിലയങ്ങൾ സ്ഥാപിച്ച് 500 മെഗാവാട്ടും എത്തിക്കാനാണ് പദ്ധതി. പുതിയ കരാറുകളിലൂടെ കുറഞ്ഞ നിരക്കിൽ വൈദ്യുതിയും കണ്ടെത്താനും ശ്രമിക്കും. ഇത്തരത്തിൽ കമ്മി നികത്താനാണ് കെ.എസ്.ഇ.ബിക്ക് സർക്കാരിന്റെ നിർദ്ദേശം.