ഐസിസിയുടെ പ്രധാന തലവേദനായി മാറിയിരിക്കുകയാണ് അടുത്ത വർഷം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിയുമായി സംബന്ധിച്ച ആതിഥേയത്വം. പാകിസ്ഥാനിൽ ടൂർണമെന്റ് നടത്തിയാൽ സുരക്ഷ പ്രശ്നങ്ങൾ മൂലം ഇന്ത്യ പങ്കെടുക്കില്ല.
ഇന്ത്യ പങ്കെടുത്തില്ലെങ്കിൽ സ്പോൺസർഷിപ്പുകളും പരസ്യങ്ങളുമടക്കം വലിയ ഒരു തുക ഐസിസിക്ക് നഷ്ടം സംഭവിക്കും. അത് കൊണ്ടു തന്നെ പാക്കിസ്ഥാൻ ഹൈബ്രിഡ് മോഡലിൽ ടൂർണമെന്റ് നടത്താൻ സമ്മതിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ആശങ്കയിലാണ് അധികൃതർ.
ഐസിസിയുടെ പുതിയ ചെയർമാനായി സ്ഥാനമേറ്റ ജയ് ഷായുടെ ആദ്യ മീറ്റിംഗ് ഇന്നായിരുന്നു നടത്താനിരുന്നത്. ചാമ്പ്യൻസ് ട്രോഫിയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇന്ന് ഉണ്ടാകുമെന്നായിരുന്നു ലഭിച്ച വിവരം. എന്നാൽ മീറ്റിംഗിൽ പാക്കിസ്ഥാൻ പ്രതിനിധി വന്നിരുന്നില്ല. അത് കൊണ്ട് ഇന്നത്തെ മീറ്റിംഗ് ഡിസംബർ 7ലേക്ക് മാറ്റി വെച്ചിരിക്കുകയാണ്.
ഇന്നത്തെ മീറ്റിംഗിലെ പ്രധാന ചർച്ച വിഷയം പാക്കിസ്ഥാൻ ഹൈബ്രിഡ് മോഡലിൽ ടൂർണമെന്റ് നടത്തുമോ ഇല്ലയോ എന്നുള്ളതായിരുന്നു.
എന്നാൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുൻപ് പറഞ്ഞ മൂന്നു ഉപാധികൾ ഐസിസി അംഗീകരിച്ചാൽ മാത്രമേ പാക്കിസ്ഥാൻ അതിന് സമ്മതിക്കുകയുള്ളു എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ കാര്യത്തിനോട് ബിസിസിക്കും, ഐസിസിക്കും എതിർപ്പാണെനാണ് വിവരം.
ചാമ്പ്യൻസ് ട്രോഫിയുടെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് ഇന്ത്യ യോഗ്യത നേടിയില്ലെങ്കിൽ ഈ മത്സരങ്ങളുടെ വേദി പാകിസ്താൻ തന്നെയാവണമെന്നാണ് അവർ മുന്നോട്ട് വെച്ച പ്രഥമ ഉപാധി. 2031 വരെ ഇന്ത്യയിൽ നടക്കുന്ന എല്ലാ ഐസിസി ടൂർണമെന്റുകളും ഹൈബ്രിഡ് മോഡലിൽ നടത്തണമെന്നാണ് രണ്ടാമത്തെ ഉപാധി. 2025 ഐസിസിയുടെ വാർഷിക വരുമാനത്തിൽ കൂടുതൽ തുക പാകിസ്താന് നൽകണം എന്നാണ് പിസിബി മുന്നോട്ടുവെച്ച മൂന്നാമത്തെ ഉപാധി. അടുത്ത മീറ്റിംഗിൽ അന്തിമ തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.