കണ്ണൂർ: കണ്ണൂർ വളപട്ടണം കവർച്ചാകേസിൽ അയൽവാസി കസ്റ്റഡിയിൽ. അരിവ്യാപാരി കെ.പി.അഷ്റഫിന്റെ വീടു കുത്തിത്തുറന്ന് ഒരുകോടി രൂപയും മുന്നൂറിലേറെ പവൻ ആഭരണങ്ങളും കവർന്ന കേസിൽ അയൽവാസിയാണ് പോലീസിനെ റ പിടിയിലായത്.
കൊച്ചു കൊമ്പൽ വിജേഷ് (30) നെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുതു വരുന്നു.
അഷ്റഫുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് വെൽഡിങ് തൊഴിലാളിയായ വിജേഷ് എന്ന് പോലീസ് പറയുന്നു. കവർച്ച ചെയ്ത പണവും ആഭരണങ്ങളും പോലീസ് കണ്ടെടുത്തെന്നും റിപ്പോർട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വലയിലായത്.
കഴിഞ്ഞമാസം 19ന് വീടുപൂട്ടി മധുരയിൽ കല്യാണത്തിനു പോയ അഷ്റഫും കുടുംബവും 24നു രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ജനലിന്റെ ഗ്രിൽ ഇളക്കിമാറ്റി അകത്തുകടന്ന് കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ച പണവും ആഭരണങ്ങളുമാണു മോഷണം പോയത്.
ഒരാൾ മാത്രമാണു മോഷണത്തിനു പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.അഷ്റഫിൻ്റെ വീട്ടുകാരുമായി വളരെ അടുപ്പമുള്ള ആളുകളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
റൂറൽ എസ്‌പി അനൂജ് പലിവാളിന്റെയും കണ്ണൂർ സിറ്റി എസിപി ടി.കെ.രത്നകുമാറിന്റെയും നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്.
അഷ്റഫിന്റെ വീടുമായി നല്ല പരിചയമുള്ളയാളാണ് കവർച്ച നടത്തിയതെന്ന് പോലീസിന് നേരത്തെ തന്നെ മനസിലായിരുന്നു.
ഞായറാഴ്ച രാവിലെ വിജേഷിന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്തു. വൈകിട്ട് ഇത് തിരിച്ച് വാങ്ങാൻ പോലീസ് ആവശ്യപ്പെട്ടു. ഇത് വാങ്ങാൻ എത്തിയപ്പോഴാണ് ഇയാളെകസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചുവെന്ന് അന്വേഷണ സംഘം പറഞ്ഞു.