ആലപ്പുഴ: ആലപ്പുഴയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരിക്കേറ്റു. വള്ളികുന്നം ഗ്രാമ പഞ്ചായത്ത് ഓഫീസിന് കിഴക്ക് ഭാഗത്ത് പോക്കാട് ഹർഷ മന്ദിരത്തിൽ കെ.പി. രാജു (75) വിനെയാണ് കാട്ടുപന്നി ആക്രമിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.(Wild Boar Attacked; Elderly man seriously injured)
രാജു തന്റെ വീടിനോട് ചേർന്നുള്ള പുരയിടത്തിൽ നിൽക്കുമ്പോഴാണ് പന്നി അപ്രതീക്ഷിതമായി ആക്രമിച്ചത്. ഇടതു കാലിനാണു ഗുരുതര പരിക്കുള്ളത്. കൈക്കും പരിക്കേറ്റിട്ടുണ്ട്. സമീപം ഉണ്ടായിരുന്ന ആൾ ബഹളം വെച്ചതോടെ പന്നി ഓടിപ്പോവുകയായിരുന്നു.
അക്രമത്തിൽ ഇടതുകാലിന് മുട്ടിന് താഴെ ആഴത്തിൽ മുറിവേറ്റ രാജുവിനെ ഓച്ചിറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ കാട്ടുപന്നി ശല്യം പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.