കോതമംഗലം: കുട്ടമ്പുഴയിൽ വനത്തില്‍ കാണാതായ മൂന്നു സ്ത്രീകളെയും കണ്ടെത്തി. മേയാന്‍വിട്ട പശുവിനെ അന്വേഷിച്ചുപോയ സ്ത്രീകളെയാണ് കണ്ടെത്തിയത്. വനത്തില്‍ ആറ് കിലോമീറ്റര്‍ ഉള്ളിലായി അറക്കമുത്തി എന്ന പ്രദേശത്തുനിന്നാണ് അന്വേഷണ സംഘം ഇവരെ കണ്ടെത്തിയത്. Three women missing in Kuttampuzha forest found
കഴിഞ്ഞ ദിവസമാണ് വനത്തില്‍ മേയാന്‍ വിട്ട പശുവിനെ അന്വേഷിച്ച് ഈ സ്ത്രീകള്‍ വനത്തിലേക്ക് പോയത്. കുട്ടംപുഴ അട്ടിക്കളം സ്വദേശികളായ മാളികക്കുടി മായ ജയന്‍, ബന്ധു കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോന്‍, പുത്തന്‍പുര ഡാര്‍ലി സ്റ്റീഫന്‍ എന്നിവരെയാണ് കാണാതായത്.
പശുവിനെ കണ്ടെത്തി മടങ്ങുന്നതിനിടെ ആനയുടെ മുന്നിലകപ്പെട്ട് പേടിച്ച് ചിതറിയോടിയതായി മായ ഭര്‍ത്താവിനെ മൊബൈല്‍ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. ആനയെ കണ്ട് ഭയന്നോടിയതോടെ ഇവര്‍ കൂട്ടംതെറ്റുകയായിരുന്നു. മൂന്നു പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഇവരെ ഉടൻ തിരിച്ചെത്തിക്കാൻ കഴിയുമെന്ന് മലയാറ്റൂർ ഡി.എഫ്.ഒ ശ്രീനിവാസ് അറിയിച്ചു.
ഇതിനിടെ, കാണാതായവരെ തേടിപ്പോയ ഒരു തിരച്ചില്‍ സംഘം സന്ധ്യയോടെ ആനയുടെ മുന്നിലകപ്പെട്ട് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് .വനംവകുപ്പ് റെയ്ഞ്ച് ഓഫീസര്‍ ആര്‍. സഞ്ജീവ്കുമാര്‍, കുട്ടംപുഴ സി.ഐ. പി.എ. ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങള്‍ വനത്തിന്റെ ആറുകിലോമീറ്റര്‍ ചുറ്റളവില്‍ രാത്രി വൈകും വരെ തിരച്ചില്‍ നടത്തിയിരുന്നു.