തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനയാത്രകൾ സംബന്ധിച്ച് കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്. എല്ലാവർക്കും ഉചിതമായ രീതിയിൽ പഠനയാത്ര ക്രമീകരിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. പണമില്ലാത്തവരെ പഠനയാത്രയിൽ നിന്ന് ഒഴിവാക്കരുത് എന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.(Education department strict instructions on study tours)
പഠനയാത്ര നിർദേശങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ചില സ്കൂളുകളിൽ പഠനയാത്രകൾക്കായി വൻ തുകയാണ് നിശ്ചയിക്കുന്നത്. സാമ്പത്തികമായി പിന്നോട്ടുള്ള കുട്ടികൾക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന്
പൊതുവിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടി.
കൂടാതെ ജന്മദിനം പോലെയുള്ള പരിപാടികൾക്ക് സമ്മാനങ്ങൾ നൽകാനും കുട്ടികൾ നിർബന്ധിതരാകുന്നുണ്ട്. സമ്മാനങ്ങൾ കൊണ്ടുവരാത്ത കുട്ടികളെ വേർതിരിച്ച് കാണുന്നതായും പരാതികൾ ഉയരുന്നു. അതിനാൽ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന വ്യക്തിഗത ആഘോഷങ്ങൾ ഒഴിവാക്കുന്നതിന് സ്കൂൾ അധികാരികൾ ഇടപെടണമെന്നും നിർദേശത്തിൽ പറയുന്നു.