കോഴിക്കോട്: സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ ശേഷം 6.5 പവന്റെ മാല മോഷ്ടിച്ച് കടന്നു കളഞ്ഞ യുവാവ് അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി 28കാരനായ മുഹമ്മദ് ജാബിർ ആണ് പോലീസിന്റെ പിടിയിലായത്. ഇന്ന് പുലർച്ചെ പെരിന്തൽമണ്ണയിൽ വെച്ചാണ് പ്രതി പിടിയിലായത്.
മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സിൻറെ കോഴിക്കോട് ബാങ്ക് റോഡ് ഷോറൂമിൽ നിന്നാണ് ഇയാൾ സ്വർണ്ണമാല മോഷ്ടിച്ചത്. മുഹമ്മദ് ജാബിറിനെ നടക്കാവ് പൊലീസാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് ഇയാൾ ആറരപ്പവൻ തൂക്കം വരുന്ന സ്വർണ്ണമാല മോഷ്ടിച്ചത്. സ്വർണ്ണം വാങ്ങാനെന്ന വ്യാജേന എത്തിയായിരുന്നു മോഷണം. മൂന്ന് മാല ഇഷ്ടപ്പെട്ടെന്നും മാറ്റിവെക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. വീട്ടിൽ നിന്ന് ആളെ കൂട്ടി വന്ന് വാങ്ങാമെന്ന് പറഞ്ഞ യുവാവ് ജീവനക്കാരൻ കാണാതെ മാല കൈക്കലാക്കി ഷോറൂമിൽ നിന്ന് കടന്നുകളഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടക്കാവ് പോലീസ് അന്വേഷണം നടത്തി. തുടർന്ന് പെരിന്തൽമണ്ണയിൽ നിന്ന് പ്രതി മുഹമ്മദ് ജാബിറിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.