കോഴിക്കോട്: ഏറെ വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാലിനെ റിമാൻഡ് ചെയ്തു. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് പ്രതിയെ റിമാൻഡ് ചെയ്തത്. എറണാകുളം പറവൂർ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭർത്താവ് രാഹുലിനെതിരെ കേസെടുത്തത്. (Pantheeramkavu domestic violence case; Accused Rahul remanded)
നേരത്തെയും സമാനമായ പരാതിയിൽ പന്തീരങ്കാവ് പൊലീസ് രജിസ്റ്റർ ചെയ്തിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കിയ ശേഷം ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ഇതിനിടെയാണ് ഭർത്താവിന്റെ വീട്ടിൽ വെച്ച് ഇന്നലെ യുവതി വീണ്ടും മർദ്ദനത്തിനിരയായത്. തുടർന്ന് യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വീട്ടില്‍ വെച്ചും ആശുപത്രിയിലേയ്ക്ക് കൊണ്ടു വരുന്ന വഴി ആംബുലന്‍സില്‍ വെച്ചും രാഹുല്‍ മര്‍ദിച്ചെന്നാണ് യുവതിയുടെ മൊഴി. തലയ്ക്കും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവേറ്റിട്ടുണ്ട്. ആദ്യം പരാതി ഇല്ലെന്ന് എഴുതി നൽകിയെങ്കിലും ഇന്ന് പരാതി നൽകുകയായിരുന്നു.