കാട്ടാക്കട: കാട്ടാക്കട ഡിപ്പോയിൽ നിന്നും രാജി ബസെടുക്കാൻ തയ്യാറായപ്പോൾ ഡബിൾ ബെല്ലടിച്ച് വനിതാ കണ്ടക്ടറായ അശ്വതിയും ഒപ്പം കൂടി.
കെ.എസ്.ആർ.ടി.സി.യുടെ ചരിത്രത്തിൽ ആദ്യമായാണ് തിരുവനന്തപുരം ജില്ലയിൽ ഒരു വനിതാ ഡ്രൈവറെത്തിയത്.
കാട്ടാക്കട പനയംകോട് തടത്തരികത്തുവീട്ടിൽ രാജി(35)യാണ് കെ എസ് ആർ ടി സി സാരഥിയായി ഔദ്യോഗിക ജീവിതം തുടങ്ങിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് രാജിയുടെ ആദ്യ ട്രിപ് ആരംഭിച്ചത്. ഒറ്റശേഖരമംഗലം-പ്ലാമ്പഴഞ്ഞിയിലേക്കുള്ള സർവീസ് ഒരു പതർച്ചയുംകൂടാതെയാണ് പൂർത്തിയാക്കിയത്.
പിന്നാലെ മറ്റ് റൂട്ടുകളിലുള്ള അഞ്ച് സർവീസുകളും പൂർത്തിയാക്കി. ആകെ 150 കിലോമീറ്റർ വണ്ടി ഓടിച്ച് രാത്രി പത്തുമണിയോടെയാണ് രാജി തിരിച്ചെത്തിയത്. രാത്രി കൂട്ടിക്കൊണ്ടുപോകാൻ അഭിമാനത്തോടെ അച്ഛൻ റസാലം എത്തിയിരുന്നു.
ഒരു ഡ്രൈവർ എന്നനിലയിൽ കാട്ടാക്കടയിൽ രാജിയെ അറിയാത്തവർ ആരുമില്ല. ഒന്നര പതിറ്റാണ്ടോളമായി കാട്ടാക്കടയുടെ നിരത്തുകളിൽ ഡ്രൈവിങ് പരിശീലക എന്നനിലയിൽ എല്ലാവർക്കും അറിയാം രാജിയെ.
കെ.എസ്.ആർ.ടി.സി.യിൽ വനിതാ ഡ്രൈവർമാരുടെ ഒഴുവിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിച്ചില്ല.അപേക്ഷിച്ചു, പരീക്ഷയിൽ രണ്ടാം റാങ്ക് നേടി. ടെസ്റ്റിൽ ഉൾപ്പെടെ ഉന്നത വിജയം.
വർഷങ്ങളോളം കാട്ടാക്കടയിൽ ടാക്‌സി ഡ്രൈവർ ആയിരുന്നു അച്ഛൻ റസാലം എന്ന് രാജി പറയുന്നു. കുട്ടിക്കാലത്ത് അച്ഛന്റെ കാറും, പിന്നീട് ലോറിയുമൊക്കെ വീട്ടിൽ കൊണ്ടുവരുമ്പോൾ വാഹനം കഴുകാനും അറ്റകുറ്റപ്പണിക്കുമൊക്കെ രാജിയും കൂടെ കൂടുമായിരുന്നു.
പിന്നീട് ബിരുദ പഠനകാലത്തും വാഹന കമ്പം വിട്ടില്ല. വാഹനങ്ങൾ എല്ലാം ഓടിക്കാൻ പഠിപ്പിച്ചതും അച്ഛനാണ്. പിന്തുണയുമായി അമ്മ ശാന്തയും ഒപ്പം ചേർന്നതോടെ ഡ്രൈവിങ് ഹരമായി. വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ കട്ട സപ്പോർട്ടും കിട്ടി.
ജീവിതോപാധിയായാണ് ഡ്രൈവിങ് പരിശീലക ആകുന്നത്. ഇപ്പോഴിതാ സ്ഥിരം ജോലിയായി ലഭിച്ചതും ഡ്രൈവിങ് തന്നെ. രാജി സന്തോഷത്തിലാണ്.