കാസർകോട്: രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന് വഴി നൽകാതെ കാറോടിച്ച യുവാവിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. കാർ ഡ്രൈവർ കൊടുവള്ളി സ്വദേശി മുഹമ്മദ് മുസമ്മിലിന്റെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്തത്.
ഒരു വർഷത്തേക്കാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്തതെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. അഞ്ച് ദിവസത്തെ പ്രത്യേക പരീശീലന ക്ലാസിൽ പങ്കെടുക്കാനും യുവാവിന് നിർദേശം നൽകിയിട്ടുണ്ട്. ഇതിനുപുറമെ യുവാവിന് 9,000 രൂപ പിഴയും ചുമത്തി.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം, പക്ഷാഘാതം സംഭവിച്ച രോഗിയുമായി കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് പുറപ്പെട്ട ആബുലൻസിന് മുമ്പിലായിരുന്നു യുവാവിന്റെ അഭ്യാസപ്രകടനം.
കെഎൽ 48 കെ 9888 എന്ന നമ്പറിലുള്ള കാറായിരുന്നു യുവാവ് ഓടിച്ചിരുന്നത്. മറ്റ് വാഹനങ്ങൾ ആംബുലൻസിന് വഴി മാറി കൊടുത്തപ്പോൾ, യുവാവ് അമിത വേഗതയിൽ കാറോടിച്ച് പോവുകയായിരുന്നു.
മഡിയൻ മുതൽ കാഞ്ഞങ്ങാട് വരെ ഏകദേശം നാല് കിലോമീറ്റർ ദൂരമാണ് ഇയാൾ ആംബുലൻസിനെ കടത്തിവിടാതെ ഷോ കാണിച്ചത്. മംഗളൂരുവിൽ നിന്നും വരുന്നതിനിടെയായിരുന്നു മുഹമ്മദ് മുസമ്മിലിന്റെ കാറിലെ അഭ്യാസപ്രകടനം. ഒടുവിൽ കാറിന്റെ വീഡിയോ സഹിതം പകർത്തി ആംബുലൻസ് ഡ്രൈവർ പരാതി നൽകുകയായിരുന്നു.