പാലക്കാട്: ഏറെ ശ്രദ്ധ നേടിയതും വിവാദങ്ങൾ നിറഞ്ഞതുമായ പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിട്ടു നിൽക്കുന്നു. 1116 വോട്ടുകൾക്കാണ് കൃഷ്ണകുമാർ മുന്നിട്ടു നിൽക്കുന്നത്. ചേലക്കരയിൽ എൽഡിഎഫിന്റെ യുആർ പ്രദീപും വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയും മുന്നിലാണ്.(Palakkad, chelakkara and wayanad byelection postal vote results)
ചേലക്കരയിൽ 1771 വോട്ടിലാണ് യുആർ പ്രദീപ് ലീഡ് ചെയ്യുന്നത്. വയനാട്ടിൽ പ്രിയങ്കയുടെ ലീഡ് 23000 ആണ്. അതേസമയം ഭരണവിരുദ്ധവികാരമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് യുഡിഎഫുകാർ. ഒപ്പം സമകാലിക രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്ന് മണ്ഡലങ്ങളിലും ജയിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ്.
പോളിങ് കുറഞ്ഞെങ്കിലും വയനാട്ടില്‍ അട്ടിമറിയൊന്നും പ്രതീക്ഷിക്കപ്പെടുന്നില്ല. പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം നാല് ലക്ഷത്തിൽ കുറയില്ലെന്ന് ഉറപ്പിലാണ് യുഡിഎഫ്. എന്നാൽ യുഡിഎഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറയുമെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം. മണ്ഡലത്തിലെ ഏറ്റവും മികച്ച മുന്നേറ്റം ഇത്തവണ നേടുമെന്നാണ് എൻഡിഎ ക്യാമ്പിന്‍റെ പ്രതീക്ഷ.
ചേലക്കര നിലനിർത്തുന്നതിനൊടൊപ്പം പാലക്കാട് വൻ മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ഇടത് കോട്ടയായ ചേലക്കരയിൽ യുഡിഎഫ് ജയിച്ചാല്‍ സര്‍ക്കാരിന് അത് കനത്ത തിരിച്ചടിയാകും. ഇവിടെ ജയം തുടര്‍ന്നാല്‍ എൽഡിഎഫിന് പിടിച്ച് നിൽക്കാം. വോട്ട് കൂട്ടിയാല്‍ ബിജെപിക്കും എന്തെങ്കിലുമൊക്കെ പറഞ്ഞുനില്‍ക്കാം. വോട്ടുകളെല്ലാം മറ്റാർക്കും പോകാതെ കൃത്യമായി പെട്ടിയിലാക്കിയിട്ടുണ്ടെന്നാണ് മുന്നണികളുടെ കണക്കുനിരത്തിയുള്ള അവകാശവാദം.









