മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ബേസിൽ ജോസഫും നസ്രിയ നസീമും ആദ്യമായി നായികാനായകന്മാരായി എത്തിയ ചിത്രമാണ് സൂക്ഷ്മദർശിനി. എം.സി. ജിതിന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി തീയറ്ററുകളിൽ മുന്നേറികൊണ്ടിരിക്കുകയാണ്. അയല്‍വാസികളായ പ്രിയദര്‍ശിനി, മാനുവല്‍ എന്നീ കഥാപാത്രങ്ങളായാണ് ബേസിലും നസ്രിയയും പ്രേക്ഷകർക്ക് മുന്നിലെത്തിരിക്കുന്നത്.(Sookshma Darshini movie review malayalam)
വളരെ സൗഹാര്‍ദത്തോടെ ജീവിക്കുന്ന അയൽവാസികളാണ് പ്രിയദർശനിയും മാനുവലും. ഭര്‍ത്താവും മകളുമൊത്ത് താമസിക്കുന്ന പ്രിയദർശനി സാധാരണ ഒരു വീട്ടമ്മയില്‍നിന്ന് വ്യത്യസ്തയാണ്. ഒറ്റനോട്ടത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും ആഴത്തില്‍ ചിന്തിച്ച് വിശകലനം ചെയ്യാനുമുള്ള പ്രിയയുടെ സൂക്ഷ്മദര്‍ശനങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. വളരെ ശാന്തമായി പോകുന്ന അയൽക്കൂട്ടങ്ങൾക്കിടയിലേക്ക് മാനുവലും കുടുംബവും എത്തുന്നതോടെ മാറ്റങ്ങൾ സംഭവിക്കുന്നു.
അയല്‍പക്കത്തെ തന്‍റെ സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു വീട്ടമ്മ നടത്തുന്ന ഇന്‍വെസ്റ്റിഗേഷനാണ് സൂക്ഷമദർശിനിയെ വ്യത്യസ്തമാക്കുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്ന ഒരു ഫാമിലി ത്രില്ലറാണ് സൂക്ഷ്മദർശിനി എന്നാണ് സിനിമ കണ്ടിറങ്ങുന്നവരുടെ പ്രതികരണം. അതേസമയം ഒരു ഹിച്‍കോക്ക് സ്റ്റൈൽ ത്രില്ലറാണ് ചിത്രമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഒരിടവേളയ്ക്ക് ശേഷമുള്ള നസ്രിയയുടെ തിരിച്ചു വരവ് ഗംഭീരമായെന്നും പ്രേക്ഷകർ പറയുന്നു.
ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് സൂക്ഷ്മദര്‍ശിനി നിർമിച്ചിരിക്കുന്നത്. ലിബിനും അതുലും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിൽ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തുന്നു. ക്രിസ്റ്റോ സേവ്യറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.