മുനമ്പം ഭൂമി വിഷയം പരിഹരിക്കുന്നതിന് വേണ്ടി വിളിച്ചുചേർത്ത സർവകക്ഷിയോഗം ഇന്ന്. മുനമ്പം നിവാസികൾ മാത്രമല്ല മലയാളികൾ മുഴുവനും വളരെയധികം പ്രതീക്ഷയോടെയാണ് യോഗത്തെ നോക്കിക്കാണുന്നത്. ജനാധിപത്യ രീതിയിൽ പ്രശ്ന പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നാണ് മുനമ്പത്തെ പ്രദേശവാസികൾ പറയുന്നത്. മുനമ്പം ഭൂമി തർക്കത്തിൽ ഒത്തുതീർപ്പ് നിർദേശങ്ങൾ സർക്കാർ തന്നെ മുന്നോട്ടുവയ്ക്കാനാണ് സാധ്യത.
ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തുന്നത് സർക്കാർ പരിഗണനയിലാണെന്നാണ് വിവരം. വിവാദ ഭൂമി വഖഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോർഡ് തീരുമാനത്തിന് എതിരെയുള്ള കേസും സർവക്ഷിയോഗത്തിൽ ചർച്ച ചെയ്യും. ഫാറൂഖ് കോളേജ് വഖഫ് ട്രൈബ്യൂണലിൽ നൽകിയ കേസിൽ കക്ഷി ചേരുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്. അന്തിമതീരുമാനം ഇന്ന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മുനമ്പത്തെ അനിശ്ചിതകാല റിലേ നിരാഹാരസമരം ഇന്ന് നാൽപത്തിയൊന്നാം ദിവസത്തിലേക്ക് കടന്നു. മുനമ്പം വഖഫ് ഭൂമി കേസ് ഇന്ന് വഖഫ് ട്രൈബ്യൂണൽ പരിഗണിക്കുന്നുണ്ട്. ഫാറൂഖ് കോളേജ് മാനേജ്മെൻറ് അസോസിയേഷൻ നൽകിയ അപ്പീലാണ് കോഴിക്കോട് ആസ്ഥനമായ ട്രൈബ്യൂണൽ പരിഗണിക്കുക. ജഡ്ജി രാജൻ തട്ടിലാണ് കേസ് പരിഗണിക്കുന്നത്.