കോട്ടയം: ശബരിമല തീർഥാടനം ആരംഭിക്കും മുമ്പേ ഭക്ഷണ വിലയൊക്കെ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു, പക്ഷേ ഹോട്ടലുകാർ വാങ്ങുന്നതോ കൊള്ളവില. വെജിറ്റേറിയൻ ഹോട്ടലുകളിലാണ് പകൽക്കൊള്ളയെന്ന് ആക്ഷേപമുണ്ട്.
ശബരിമല തീർഥാടകർക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണ സാധനങ്ങളുടെ വില ഈ മാസം ആദ്യമാണ് നിശ്ചയിച്ചു പുറത്തിറക്കിയത്. എന്നാൽ, ഇത് റെയിൽവേ സ്‌റ്റേഷനുകളുടെയും ബസ് സ്റ്റാന്റുകളുടെയും സമീപത്തെ ഹോട്ടലുകളിൽ മാത്രമാണെന്നാണു ജില്ലയിലെ ചില ഹോട്ടലുകാരുടെ നിലപാട്.
വെജിറ്റേറിയൻ ബോർഡ് വച്ച ഹോട്ടലുകളിലാണ് പകൽക്കൊള്ളയെന്നു തീർഥാടകർ പറയുന്നു. കുത്തരി ഊണിനു കലക്ടർ നിശ്ചയിച്ച വില 72 രൂപയാണ് എന്നാൽ, വാങ്ങുന്നത് 80 മുതൽ 160 രൂപ വരെയും. സാധാരണ ഹോട്ടലുകളിലേതിനു സമാനമായ കറികളും പായസവും തൈരും ഉൾപ്പെടെ നൽകി കോട്ടയത്തെ ഒരു ഹോട്ടലിലെ ഊണിന്റെ വില 160 രൂപയാണ്. തൈരിലൊക്കെ വെള്ളത്തിന്റെ അംശമാണ് കൂടുതലെന്നും ഈ ഹോട്ടലിനെപറ്റി ആക്ഷേപമുണ്ട്.
ചായയ്ക്കും കാപ്പിയ്ക്കും 12 രൂപയാണു നിശ്ചയിച്ചിരിക്കുന്നതെങ്കിലും ഈ നിരക്കിൽ ലഭിക്കുന്ന ഹോട്ടലുകൾ നന്നെ കുറവാണ്. നെയ്‌റോസ്റ്റിന് 48 രൂപയാണു നിശ്ചയിച്ചിരിക്കുന്നത്, എന്നാൽ വാങ്ങുന്നതു 100 രൂപ വരെയാണ്. പ്ലെയിൻ റോസ്റ്റിന് നിശ്ചയിച്ചിരിക്കുന്ന നിരക്ക് 36 രൂപയാണെങ്കിലും കഴിക്കണമെങ്കിൽ50 രൂപയെങ്കിലും നൽകണം.
മസാലദോശ 52 രൂപയ്ക്കു വിൽക്കണമെന്നാണ് ഉത്തരവെങ്കിലും 100 രൂപയ്ക്കു വരെയാണ് വില. ചപ്പാത്തി മൂന്നെണ്ണം കുറുമ ഉൾപ്പെടെ നിശ്ചയിച്ചിരിക്കുന്ന വില 65 രൂപ, എന്നാൽ 80 രൂപ കൊടുത്താൽ കിട്ടുന്നതു രണ്ടു ചപ്പാത്തിയും കുറുമയും മാത്രം.
പൂരി മസാലയ്ക്ക് 60-70 രൂപ വാങ്ങുമ്പോൾ നിശ്ചയിച്ചിരിക്കുന്ന വില 38 രൂപ മാത്രമാണ്. എണ്ണ പലഹാരങ്ങൾക്കും തോന്നിയ വിലയാണ് ഈടാക്കുന്നത്. വഴിയോരങ്ങളിലെ തട്ടുകടകളിൽ 10 രൂപക്ക് ചായയും കടികളും ലഭിക്കുമെങ്കിലും ഉപയോഗിക്കുന്ന എണ്ണ ഉൾപ്പെടെയുള്ളവയുടെ ഗുണനിലവാരം സംബന്ധിച്ച് ആക്ഷേപം ശക്തമാണ്.
കെ.എസ്.ആർ.ടി.സി. ബസുകൾ നിശ്ചിത ഹോട്ടലുകൾക്കു മുമ്പിൽൽ മാത്രമാണു നിർത്തുകയെന്നതിനാൽ ഇവിടെ നിന്നു തന്നെ ഭക്ഷണം കഴിക്കേണ്ട ഗതികേടിലാണു തീർഥാടകരും മറ്റു യാത്രക്കാരും. ഭക്ഷണം കഴിച്ചു കഴിയുമ്പാഴാകും പൊള്ളുന്ന വിലയുടെ കാര്യം അറിയുക.
പച്ചക്കറികളുടെയും പലചരക്കിന്റെയും പൊള്ളുന്ന വില, വാടക, പാചക വാതക, വൈദ്യുതി നിരക്ക് എന്നിവയാണു ഭക്ഷണ സാധനങ്ങൾക്ക് വില കൂടാൻ കാരണമായി ഹോട്ടലുടമകൾ പറയുന്ന ന്യായം. തൊഴിലാളി ക്ഷാമവും മറ്റൊരു കാരണമാണ്. ഒരേ നിലവാരത്തിലുള്ള ഹോട്ടലുകളിൽ പോലും ഒരേ ഭക്ഷണ സാധനങ്ങൾക്കു പല വില ഈടാക്കുന്നതെന്ന ചോദ്യത്തിൽ ഉത്തരവുമില്ല.