വടക്കാഞ്ചേരി: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ 85 വയസ്സ് കഴിഞ്ഞ വയോജനങ്ങളും ഭിന്നശേഷിക്കാരും വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തി. ആകെ രേഖപ്പെടുത്തിയത് 1375 വോട്ടാണ്. ഈ വിഭാഗത്തിൽ മൊത്തം 1418 വോട്ടാണ് ഉണ്ടായിരുന്നത്.
85 കഴിഞ്ഞ 961 പേരില്‍ 925 പേര്‍ വോട്ടു രേഖപ്പെടുത്തി. പ്രത്യേക പരിഗണന ലഭിച്ച 457 ഭിന്നശേഷിക്കാരില്‍ 450 പേരും വോട്ട് ചെയ്തു.
വോട്ട് ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്തി. ശേഷിച്ച 43 പേര്‍ക്ക് ഇനി ബൂത്തില്‍ ചെന്നു വോട്ട് ചെയ്യാനാവില്ല. വടക്കാഞ്ചേരി ട്രഷറിയിലാണ് ഈ 1375 വോട്ടുകള്‍ സൂക്ഷിച്ചിരിക്കുന്നത്.
നാളെയാണ് ചേലക്കര, വയനാട് മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ചേലക്കരയില്‍ യു ആര്‍ പ്രദീപാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
രമ്യ ഹരിദാസ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന മണ്ഡലത്തില്‍ കെ ബാലകൃഷ്ണന്‍ ആണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി.
വയനാട് ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫിനായി പ്രിയങ്ക ഗാന്ധിയാണ് ഇക്കുറി തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്. സത്യന്‍ മൊകേരിയാണ് എല്‍ഡിഎഫിനായി മത്സരിക്കുന്നത്. നവ്യ ഹരിദാസാണ് ബിജെപി സ്ഥാനാര്‍ത്ഥി.
പാലക്കാടും നാളെയായിരുന്നു തിരഞ്ഞെടുപ്പ് നടക്കാനിരുന്നത്. എന്നാല്‍ കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് മാറ്റിയിരുന്നു. ഈ മാസം 20നാണ് പാലക്കാട് വോട്ടെടുപ്പ് നടക്കുക.