കണ്ണൂർ: എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. 11 ദിവസമായി കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിലാണ് ദിവ്യ.(Court verdict on PP Divya’s bail plea today)
കേസിൽ അന്വേഷണവുമായി സഹകരിച്ചു എന്നും അതിനാൽ ജാമ്യം നൽകണമെന്നും ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷനും പ്രതിഭാഗവും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ അഭിഭാഷകനും രണ്ടുമണിക്കൂറോളം നീണ്ട വാദം ആണ് നടന്നത്. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രതിഭാഗം വാദത്തിനിടെ കോടതിയിൽ സമ്മതിച്ചിരുന്നു.
കേസിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ ദിവ്യയെ ഒക്ടോബർ 29-നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെത്തുടർന്ന് ദിവ്യ കീഴടങ്ങുകയായിരുന്നു.