തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മതാടിസ്ഥാനത്തിൽ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻതന്നെയെന്ന് പൊലീസ് നിഗമനം.
സംസ്ഥാനത്ത് ഹിന്ദു ഐ.എ.എസ് ഓഫീസർമാർക്കായി പ്രത്യേക വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതായി റിപ്പോർട്ട് വന്നിരുന്നു. വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ ഐ.എ. എസ് ആയിരുന്നു അഡ്മിൻ.
വിവാദമായതിനെ തുടർന്ന് ഗ്രൂപ്പ് മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നും താനല്ല ഗ്രൂപ്പ് നിർമിച്ചതെന്നുമുള്ള അവകാശവാദവുമായി കെ. ഗോപാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു
അതേ സമയം മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കിയെന്ന ആരോപണം നേരിടുന്ന വ്യവസായ, വാണിജ്യ ഡയറക്ടർ കെ.ഗോപാലകൃഷ്ണന്റെ ഫോൺ ഹാക്ക് ചെയ്തതായി തെളിവില്ലെന്നു മെറ്റ കമ്പനി അധികൃതർ പൊലീസിനെ അറിയിച്ചു.
ഫോണിൽ അസ്വാഭാവിക നടപടി നടന്നതായി കണ്ടെത്താനായില്ല. ഫോണിന്റെ ഉടമ എന്തെങ്കിലും വാട്സാപ്പിൽ ചെയ്തെന്നു കണ്ടെത്താൻ കഴിയാത്ത സ്ഥിതിയാണ്.
അതുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാം നീക്കം ചെയ്തിട്ടുണ്ടെന്നു കമ്പനി അറിയിച്ചതായി പൊലീസ് ഉന്നതർ പറഞ്ഞു.
ഫോണിലുണ്ടായിരുന്ന എല്ലാ വിവരങ്ങളും നീക്കം ചെയ്ത ശേഷം ചൊവ്വാഴ്ച രാത്രിയാണ് പൊലീസിനു കൈമാറിയത്. എന്നാൽ അതു പരിശോധിക്കാനുള്ള പാസ്‌വേഡ് നൽകിയില്ല.
ഇന്നലെ വീണ്ടും ഗോപാലകൃഷ്ണനെ പൊലീസ് വിളിപ്പിച്ചപ്പോഴാണു അതു നൽകിയത്. അതോടൊപ്പം കയ്യിലുണ്ടായിരുന്ന ഐ ഫോണും ഹാജരാക്കാൻ നിർദേശിച്ചു.
അതിലെയും വാട്സാപ് വിവരങ്ങൾ അടക്കം നീക്കം ചെയ്ത ശേഷം നൽകി. ഇവ രണ്ടും വിശദ പരിശോധനയ്ക്കായി ഫൊറൻസിക് ലാബിലേക്ക് പൊലീസ് അയച്ചു.
സാധാരണ, ഫോൺ ഹാക്ക് ചെയ്താൽ അതിലെ ഡേറ്റ മാത്രമേ എടുക്കാൻ കഴിയൂ. അല്ലാതെ ഹാക്കർമാർക്ക് വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ച് അതിൽനിന്നു സന്ദേശമയയ്ക്കാൻ കഴിയില്ലെന്നു വിദഗ്ധർ പറയുന്നു.
ഇസ്രയേൽ നിർമിച്ച കോടികൾ വിലമതിക്കുന്ന ചാര സോഫ്റ്റ്‌വെയറിൽ ചിലപ്പോൾ ഇതിനു കഴിയുമെന്നു പൊലീസും പറയുന്നു. ഫോൺ ഹാക്ക് ചെയ്തോ ഇല്ലയോ എന്നു മാത്രമേ പൊലീസിനു തെളിയിക്കാൻ കഴിയൂ.
2 ഫോണുകളും ഫോർമാറ്റ് ചെയ്ത് എല്ലാ വിവരങ്ങളും നീക്കിയ ശേഷം നൽകിയതിനാൽ വാട്സാപ് ഗ്രൂപ്പുകൾ ആര് ഉണ്ടാക്കി, ആരാണു സന്ദേശം അയച്ചത് എന്നൊന്നും ഇനി കണ്ടെത്താൻ കഴിയില്ലെന്നാണു പൊലീസ് നിലപാട്.
മൊഴി മുഖവിലയ്ക്ക് എടുക്കാതെ പൊലീസ്
ഗ്രൂപ്പുകളുണ്ടാക്കിയില്ലെന്നും ഫോൺ അജ്ഞാതർ ഹാക്ക് ചെയ്തതാണെന്നുമുള്ള ഗോപാലകൃഷ്ണന്റെ മൊഴി പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല.
ഗോപാലകൃഷ്ണന്റെ വാദം ശരിവയ്ക്കുന്ന തെളിവും ലഭിച്ചിട്ടില്ല. ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ട് 4 ദിവസം ഗോപാലകൃഷ്ണൻ പരാതി നൽകാത്തതും പൊലീസ് സംശയത്തോടെ കാണുന്നു.
കഴിഞ്ഞ ദീപാവലി ദിവസം ചില ഐഎഎസ് ഉദ്യോഗസ്ഥർ വിളിച്ച് അന്വേഷിച്ചപ്പോഴാണു താൻ അഡ്മിൻ ആയി വാട്സാപ് ഗ്രൂപ്പുകൾ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് അറിഞ്ഞതെന്നാണു ഗോപാലകൃഷ്ണന്റെ മൊഴി.
ഹിന്ദു, മുസ്‌ലിം എന്നീ പേരുകളിലടക്കം ഗ്രൂപ്പുകളുണ്ടായിരുന്നു. അതിൽ വ്യത്യസ്ത മതങ്ങളിൽപെട്ട ഐഎഎസ് ഉദ്യോഗസ്ഥരെ ചേർത്തിരുന്നു. എത്ര ഗ്രൂപ്പുകളുണ്ടായിരുന്നുവെന്ന് കൃത്യമായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.