പൊതുസ്ഥലത്തുവച്ച് സ്ത്രീകളുടെ ചിത്രമെടുക്കുന്നത് തെറ്റാണോ? പൊതുസ്ഥലത്തോ മറ്റുള്ളവരുടെ സാന്നിധ്യമുള്ള സ്വകാര്യ സ്ഥലത്തോ വെച്ച് സ്വകാര്യതയെ ബാധിക്കാത്തവിധം ചിത്രമെടുക്കുന്നത് കുറ്റകരമായി കാണാനാവില്ലെന്നാണ്ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.
ആൾ സാന്നിധ്യമുള്ള പൊതുസ്ഥലത്ത് അനുമതിയില്ലാതെ സ്ത്രീയുടെ ചിത്രം പകർത്തുന്നത് കുറ്റകരമല്ലെന്നാണ് കോടതിയുടെ ഉത്തരവ്.
എന്നാൽ ഇതേ സ്ഥലത്ത് സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളുടെയോ സ്വകാര്യ പ്രവൃത്തിയുടെയോ ചിത്രമെടുക്കുന്നത് ഐപിസി 354 വകുപ്പ് പ്രകാരം കുറ്റകരമാണെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. വീടിന് മുന്നിൽ നിൽക്കുന്നയാളുടെ ഫോട്ടോയെടുത്തത് ഈ നിർവചനത്തിൽ വരില്ലെന്നും വിധിന്യായത്തിൽ കോടതി പറഞ്ഞു.
വീടിന് മുന്നിൽ നിന്നിരുന്ന സ്ത്രീയുടെ ഫോട്ടോയെടുക്കുകയും അശ്ലീല അംഗവിക്ഷേപങ്ങൾ കാട്ടുകയും ചെയ്തെന്ന കേസിൽ ഒന്നാം പ്രതി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിർദ്ദേശം.
തുടർന്ന് നോർത്ത് പറവൂർ സ്വദേശിക്കെതിരായ കുറ്റങ്ങൾ ഭാഗികമായി ഹൈക്കോടതി റദ്ദാക്കി. പരാതിയിൽ പറയുന്ന ആംഗ്യങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലുള്ളതാണ്. ഇത് ഐപിസി 509 പ്രകാരം കുറ്റകരമാണ്. അതിനാൽ പ്രതിക്കെതിരെ പ്രോസിക്യൂഷൻ നടപടി തുടരാമെന്നും കോടതി ഉത്തരവിട്ടു.
2022 മേയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കാറിലെത്തിയ പ്രതിയും മറ്റൊരാളും വീടിന് മുന്നിൽ നിന്നിരുന്ന സ്ത്രീയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തിയെന്നാണ് പരാതി.
ചോദ്യം ചെയ്യലിന് ശേഷം പ്രതികൾക്കെതിരെ അശ്ലീല ആംഗ്യങ്ങൾ കാട്ടിയതിന് പോലീസ് കേസെടുക്കുക ആയിരുന്നു. ഇരു പ്രതികൾക്കുമെതിരെ പോലീസ് പറവൂർ മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തന്‍റെ മൊബൈൽ ഫോണിൽനിന്ന് ഫോട്ടോ കണ്ടെടുത്തിട്ടില്ല.
സാക്ഷികൾക്ക് ആരോപണത്തെപ്പറ്റി പരാതിക്കാരി പറഞ്ഞുള്ള അറിവ് മാത്രമാണുള്ളത് എന്നുമായിരുന്നു പ്രതിയുടെ വാദം. പരാതിക്കാരിക്കുള്ള മുൻ വിരോധമാണ് പരാതിക്ക് പിന്നിലെന്നും കേസ് റദ്ദാക്കണമെന്നുമായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്.
Is it wrong to take pictures of women in public?