ചെന്നൈയിലെത്തിയ യുഎസ് പൗരൻ സിംഗപ്പൂരിലേക്കുള്ള വിമാനത്തിൽ കയറുന്നതിനിടെ പരിശോധന നടത്തി. സാറ്റലൈറ്റ് ഫോൺ കണ്ടെത്തി. ബാഗേജിൽ സാറ്റലൈറ്റ് ഫോൺ കൊണ്ടുവന്നതിന് ഇയാളെ കസ്റ്റഡിയിലെടുത്തു. സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന
55കാരനായ ഡേവിഡ് എന്ന യാത്രക്കാരനെയാണ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ചയായിരുന്നു സംഭവം. യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത വിവരം യുഎസ് എംബസിയെ അറിയിച്ചിട്ടുണ്ട്.
ഡേവിഡ് സിംഗപ്പൂരിലേക്കുള്ള വിമാനത്തിൽ കയറാൻ പോകുമ്പോൾ സുരക്ഷാ പരിശോധനയ്ക്കിടെയാണ് സാറ്റലൈറ്റ് ഫോൺ കണ്ടെത്തിയത്. കൂടുതൽ അന്വേഷണം വേണമെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. യുഎസിൽ നിന്ന് ദില്ലിയിൽ എത്തിയപ്പോഴോ അവിടെ നിന്ന് ആൻഡമാൻ ദ്വീപിലേക്ക് സഞ്ചരിച്ചപ്പോഴോ ആരും ഫോണിനെ കുറിച്ച് ചോദിച്ചില്ലെന്ന് ഡേവിഡ് പറയുന്നു. ചെന്നൈ വിമാനത്താവളത്തിലെ പരിശോധനയിലാണ് ഡേവിഡിനെ തടഞ്ഞുവച്ചത്. കൂടുതൽ അന്വേഷണത്തിനായി പൊലീസിന് കൈമാറി. ഡേവിഡിൻറെ ജോലിയെക്കുറിച്ചും എന്തിനാണ് സാറ്റലൈറ്റ് ഫോൺ കൈവശം വച്ചത് എന്നതിനെ കുറിച്ചും എയർപോർട്ട് പൊലീസ് അന്വേഷിക്കുന്നു.
ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെയും (ബിസിഎഎസ്) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെയും ചട്ടങ്ങൾ അനുസരിച്ച്, ഇന്ത്യയിൽ സാറ്റലൈറ്റ് ഫോണുകളുടെ വ്യക്തിഗത ഉപയോഗം വിലക്കിയിട്ടുണ്ട്. 2008 ലെ മുംബൈ ആക്രമണത്തിന് പിന്നാലെ ടെലികോം വകുപ്പിൻറെ മുൻകൂർ അനുമതിയോടെ മാത്രമേ ഇത്തരം ഉപകരണങ്ങൾ അനുവദിക്കൂ. ടെലികോം വകുപ്പിൻറെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ, ഫോണുകൾ കണ്ടുകെട്ടുമെന്നും ഉപയോക്താവിനെ അറസ്റ്റ് ചെയ്യുമെന്നുമാണ് നിയമം.
English summary : Screening while boarding the plane ; Satellite phone found