ന്യൂഡല്‍ഹി: ചൈനയുമായി സംഘര്‍ഷം രൂക്ഷമായിരിക്കെ വിയറ്റ്‌നാമിന് മിസൈല്‍വേധ യുദ്ധക്കപ്പല്‍ നല്‍കാന്‍ ഇന്ത്യ. തദ്ദേശീയമായി നിര്‍മിച്ച കപ്പലാണ് നല്‍കുന്നത്. വിയറ്റ്‌നാമിലെ സൈനികര്‍ക്ക് യുദ്ധവിമാനത്തിലും സൈബര്‍ സുരക്ഷയിലും ഇലക്ട്രോണിക് മേഖലയിലും പരിശീലനവും നല്‍കും.
കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിയറ്റ്‌നാം പ്രതിരോധമന്ത്രി ജനറല്‍ ഫന്‍ വാന്‍ ജിയാങ്ങുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിയറ്റ്‌നാം പ്രതിരോധമന്ത്രി ഡിആര്‍ഡിഒ സന്ദര്‍ശിച്ചു. ആകാശ് മിസൈല്‍, ബ്രഹ്‌മോസ് ക്രൂസ് മിസൈല്‍ തുടങ്ങിയ അത്യാധുനിക ആയുധങ്ങള്‍ കൈമാറുന്നതിനെപ്പറ്റിയും ചര്‍ച്ച നടന്നു. ഐഎന്‍എസ് കിര്‍പാണ്‍ മിസൈല്‍വേധ കപ്പല്‍ വിയറ്റ്‌നാമിന് സമ്മാനമായി നല്‍കുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. വിയറ്റ്‌നാം നാവികസേനയ്ക്ക് ഇത് നാഴികക്കല്ലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിയറ്റ്‌നാം എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലേക്ക് (ഇഇഇസെഡ്) നിരന്തരം ചൈന യുദ്ധക്കപ്പലുകളും സര്‍വെ കപ്പലുകളും അയയ്ക്കുകയാണ്. തെക്കന്‍ ചൈനാ കടലില്‍ ചൈന സമ്മര്‍ദം സൃഷ്ടിക്കുന്നതും തുടരുന്നു. ഇതോടെയാണ് ചൈനയോട് ചേര്‍ന്നുകിടക്കുന്ന രാജ്യങ്ങളോട് ഇന്ത്യ കൂടുതല്‍ സഹകരണം ഉറപ്പാക്കുന്നത്.
ഇന്തൊനീഷ്യ, സിങ്കപ്പൂര്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് സംയുക്ത സൈനിക പരിശീലനവും നടത്തുന്നുണ്ട്. 2022 ജനുവരിയില്‍ ഫിലിപ്പീന്‍സിന് ബ്രഹ്‌മോസ് മിസൈല്‍ നല്‍കുന്നതിന് 375 ദശലക്ഷം ഡോളറിന്റെ ഇടപാടിന് ധാരണയായിരുന്നു.