ന്യൂഡല്‍ഹി: രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും അത്യുഷ്ണം തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നതതലയോഗം വിളിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. വിവിധ കാലാവസ്ഥാ ഏജന്‍സികള്‍ ഉഷ്ണതരംഗത്തിനു സാധ്യത പ്രവചിച്ചതിനാല്‍ എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നു യോഗത്തില്‍ ചര്‍ച്ചയാകും.
തീവ്ര ഉഷ്ണതരംഗം അതിതീവ്രമായി മാറുമെന്നാണു കാലാവസ്ഥാ ഏജന്‍സികളുടെ പ്രവചനം. ഉത്തര്‍പ്രദേശ്, ബിഹാര്‍, തമിഴ്നാട്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഒഡീഷ, ബംഗാള്‍, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കടുത്ത ചൂടിനു സാധ്യത. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സൂര്യാതപത്തെ തുടര്‍ന്നു മരണങ്ങളും സംഭവിച്ചു.
യുപിയിലെ ബല്ലിയയില്‍ കടുത്ത ചൂടില്‍ 54 പേര്‍ മരിക്കുകയും 400 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നുമാണു റിപ്പോര്‍ട്ട്. മരണസംഖ്യ കൂടുന്നതിനാലും പനി, ശ്വാസതടസ്സം തുടങ്ങിയ പ്രശ്‌നങ്ങളാല്‍ ചികിത്സ തേടുന്നവര്‍ വര്‍ധിക്കുന്നതിനാലും അധികൃതര്‍ ജാഗ്രതയിലാണ്. ചൂട് ഉയര്‍ന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മധ്യവേനലവധി പല സംസ്ഥാനങ്ങളിലും നീട്ടിയിരിക്കുകയാണ്. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇന്ത്യയില്‍ പതിവിലേറെ ചൂട് അനുഭവപ്പെടുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു.