തിരുവനന്തപുരം: തൃശൂര്‍ പൂരം വിവാദത്തിൽ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. പൂരം കലങ്ങി എന്നല്ല കലക്കാൻ ശ്രമം ഉണ്ടായി എന്നാണ് അന്നും ഇന്നും നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.(Thrissur pooram controversy; CM Pinarayi vijayan’s press release)
പൂരാഘോഷത്തിലെ ഇടപെടലുകൾ പരിശോധിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഉദ്യോഗസ്ഥ തലത്തിൽ കുറ്റം ചെയ്തെങ്കിൽ ശിക്ഷ നൽകുമെന്നും അറിയിച്ചു. വെടിക്കെട്ട് മാത്രമാണ് വൈകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വാർത്താക്കുറിപ്പിലൂടെയാണ് വിശദീകരണം.
പൂരം വിവാദത്തിൽ വ്യാപക വിമർശനങ്ങൾക്ക് ഒടുവിലാണ് മുഖ്യമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. വെടിക്കെട്ടുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നത്. വെടിക്കെട്ട് വൈകി നടത്തേണ്ടി വന്നു. ചില ആചാരങ്ങൾ ദേവസ്വങ്ങൾ ചുരുക്കി നടത്തിയെന്നും വാർത്താക്കുറിപ്പില്‍ പറയുന്നു. സംഘപരിവാറിന്‍റെ ബി ടീമായി പ്രവർത്തിക്കുകയാണ് പ്രതിപക്ഷം. പൂരം കലക്കിയെന്ന് സ്ഥാപിച്ച് നേട്ടം കൊയ്യാനാണ് പ്രതിപക്ഷത്തിന്‍റെ കുടില നീക്കമെന്നും വാർത്താക്കുറിപ്പിൽ വിമർശിച്ചിട്ടുണ്ട്.