മുട്ടം: ജില്ല കുടുംബ കോടതി, മലങ്കര എൻട്രൻസ് പ്ലാസ… നിർമാണം കഴിഞ്ഞിട്ടും കെട്ടിട നമ്പർ ലഭിക്കാതെ സർക്കാർ കെട്ടിടങ്ങൾ. ചട്ടം പാലിക്കാതെ നിർമിച്ച കെട്ടിങ്ങൾക്കാണ് മുട്ടം ഗ്രാമപഞ്ചായത്ത് നമ്പർ നൽകാത്തത്. പി.ഡബ്ല്യു.ഡി തയാറാക്കി പ്ലാനും എസ്റ്റിമേറ്റും പ്രകാരമാണ് നിർമാണം നടത്തുന്നത്.
സർക്കാർ കെട്ടിടങ്ങളായതിനാൽ മുൻകൂർ അനുമതി വാങ്ങാതെയാണ് മിക്കതും നിർമിക്കുന്നത്. അത്തരത്തിലാണ് എൻട്രൻസ് പ്ലാസ നിർമിച്ചത്. കെട്ടിട നമ്പറിനായി പഞ്ചാത്തിൽ അപേക്ഷിച്ചപ്പോഴാണ് അപാകാതകൾ ഉള്ളതായി കണ്ടെത്തിയത്. തുടർന്ന് ഇവ പരിഹരിക്കാൻ കത്ത് നൽകി. ജില്ല കുടുംബ കോടതിക്കും ഇത്തരത്തിൽ കത്ത് നൽകിയിട്ടുണ്ട്.
എസ്റ്റിമേറ്റ് പ്രകാരം നിർമാണം പൂർത്തിയായതിനാൽ വീണ്ടും സർക്കാറിലേക്ക് അപേക്ഷ നൽകി എസ്റ്റിമേറ്റ് എടുത്ത് ഫണ്ട് അനുവദിപ്പിച്ച് വേണം നിർമാണം നടത്താൻ അതിന് മാസങ്ങൾ വേണ്ടിവരും. ലക്ഷക്കണക്കിന് രൂപയും വീണ്ടും ചെലവഴിക്കേണ്ടി വരും.
ജില്ല കുടുംബ കോടതിയുടെ ഉദ്ഘാടനം മേയ് 25ന് നിർവഹിച്ചതാണ്. എന്നാൽ, നിർമാണത്തിലെ അപാകതകൾ പരിഹരിക്കാത്തതിനാൽ നമ്പർ നൽകിയിട്ടില്ല. ഫയർ എൻ.ഒ.സി, വേസ്റ്റ് മാനേജ്മെൻറ് സിസ്റ്റം തുടങ്ങിയ അപാകതകളാണ് പരിഹരിക്കേണ്ടത്.
ഇവ പരിഹരിച്ചാൽ മാത്രമേ പഞ്ചായത്ത് കെട്ടിട നമ്പർ നൽകുകയുള്ളൂ. അതിന് ശേഷം മാത്രമേ കുടുംബ കോടതിയുടെ പ്രവർത്തനം മുട്ടത്ത് ആരംഭിക്കുകയുള്ളൂ. മുട്ടം ജില്ല കോടതിക്ക് സമീപമാണ് കുടുംബകോടതിയും നിർമിച്ചിട്ടുള്ളത്.
2739 ചതുരശ്ര മീറ്ററുള്ള മൂന്നുനില കെട്ടിടമാണ് മുട്ടം കോടതി സമുച്ചയത്തിനോടു ചേർന്ന് നിർമിച്ചിട്ടുള്ളത്. 2018 ജൂലൈ 31ന് 6.50 കോടി രൂപയുടെ ഭരണാനുമതിയും 2020 ഒക്ടോബർ 18ന് സാങ്കേതികാനുമതിയും ലഭിച്ചു. ഹൈകോടതി ജഡ്ജി സുനിൽ തോമസ് നിർമാണോദ്ഘാടനം നിർവഹിച്ചതോടെ പ്രവൃത്തികൾ ആരംഭിച്ചു.
തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലാണ് നിലവിൽ കുടുംബകോടതി പ്രവർത്തിക്കുന്നത്. കൂടാതെ കട്ടപ്പനയിലും കുടുംബ കോടതിയുണ്ട്. 2005 ജനുവരി 28 മുതലാണ് തൊടുപുഴ സിവിൽ സ്റ്റേഷനിൽ കുടുംബ കോടതി പ്രവർത്തിച്ചുവരുന്നത്.
എൻട്രൻസ് പ്ലാസ കെട്ടിടത്തിലെ ഏഴ് അപാകതകൾ പരിഹരിച്ചാൽ മാത്രമേ കെട്ടിട നമ്പർ നൽകൂവെന്നാണ് പഞ്ചായത്തിൻറെ നിലപാട്. അനിശ്ചിതകാലം പ്ലാസ അടച്ചിടുന്നതിനെതിരെ എതിർപ്പ് ഉയർന്നതിനെ തുടർന്ന് തുറന്ന് നൽകാൻ തീരുമാനം എടുത്തിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ കെട്ടിട നമ്പറിനായി പഞ്ചായത്തിൽ അപേക്ഷ നൽകി.
പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം നടത്തിയ പരിശോധനയിൽ കെട്ടിട നമ്പർ നൽകണമെങ്കിൽ ഏഴ് അപാകതകൾ പരിഹരിക്കണമെന്ന് നിർദേശിച്ചു. എന്നാൽ, ഇവ നാളിതുവരെ പരിഹരിച്ചിട്ടില്ല. മാറ്റങ്ങൾ വരുത്തിയ ശേഷം കെട്ടിട നമ്പർ ലഭിച്ചുകഴിഞ്ഞാൽ അഞ്ച് മുറികളും കോൺഫറൻസ് ഹാളും വാടകക്ക് നൽകാനാകും.
മലങ്കര ടൂറിസം ഹബ്ബിൽ മൂന്നു കോടിയോളം രൂപ മുടക്കിയാണ് എൻട്രൻസ് പ്ലാസ നിർമിച്ചത്. പഞ്ചായത്തിൽനിന്നും കെട്ടിട നമ്പർ ലഭിക്കാത്തതിനാലാണ് തുറക്കാൻ കഴിയാത്തതെന്ന് എം.വി.ഐ.പി അധികൃതർ പറയുന്നു. എന്നാൽ, കെട്ടിട നമ്പർ നേടിയെടുക്കാനുള്ള ഒരു ശ്രമവും എം.വി.ഐ.പിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.