മൂന്നാറിൽ പഞ്ചായത്തംഗം ജീവനക്കാരനെ മർദിച്ചുവെന്നാരോപിച്ച് പഞ്ചായത്തിലെ ജീവനക്കാർ പ്രതിഷേധ സമരം നടത്തി. ഇന്നലെ രാവിലെയാണ് പഞ്ചായത്തിലെ യുഡി ക്ലാർക്കായ ടി.ആർ.വിഷ്ണുവിനെ പഞ്ചായത്തംഗവും മുൻ വൈസ് പ്രസിഡന്റുമായ മാർഷ് പീറ്റർ മർദിച്ചതെന്നാണ് പരാതി. പഞ്ചായത്തംഗത്തിന്റെ വാർഡിൽ നിന്നുള്ളവർ നൽകിയ റസിഡന്റ്സ് സർട്ടിഫിക്കറ്റ് അപേക്ഷയിൽ കാലതാമസം വരുത്തുന്നതു സംബന്ധിച്ചുള്ള പ്രശ്നമാണ് സംഘർഷത്തിനു കാരണമായത്.
സർട്ടിഫിക്കറ്റ് താമസിക്കുന്നതു സംബന്ധിച്ചു വിവരം പറയുന്നതിനിടയിൽ ക്ഷുഭിതനായ അംഗം മർദിക്കുകയായിരുന്നുവെന്നാണ് ആരോപണം. സംഭവത്തെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ഉദയകുമാറിന്റെ നേതൃത്വത്തിൽ മുഴുവൻ ജീവനക്കാരും ഓഫിസിനു മുൻപിൽ സമരം നടത്തി. എന്നാൽ 3 മാസം മുൻപ് തന്റെ വാർഡിൽ നിന്നുള്ള 3 പേർ നൽകിയ അപേക്ഷയുടെ സർട്ടിഫിക്കറ്റ് ലഭിക്കാത്തതു സംബന്ധിച്ചു ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും മർദിച്ചുവെന്ന ആരോപണം തെറ്റാണെന്നും മാർഷ് പീറ്റർ പറഞ്ഞു.
English summary : Complaint that panchayat member beat employee in Munnar; The struggle is strong