ബൈക്ക് റൈഡർമാരിൽ ചിലർ ശ്രദ്ധിക്കാതെപോകുന്ന ചിലതുണ്ട്. അശ്രദ്ധയുടെ വിലയായി ഒന്നിലേറെ വിരലുകളാണ് പലർക്കും നഷ്ടപ്പെട്ടിട്ടുള്ളത്. ഹെൽമെറ്റും മറ്റ് അപകടപ്രതിരോധ കവചങ്ങളും ഉപയോഗിച്ച് അതിസാഹസികയാത്രകൾ ഏറെ സുരക്ഷിതമായി നടത്തുന്ന ബൈക്ക് റൈഡർമാരിൽ പലർക്കും അപകടങ്ങൾ സംഭവിക്കുന്നുണ്ട്. ഒന്നരവർഷത്തിനിടെ ഒരു ആശുപത്രിയിൽമാത്രം ചികിത്സതേടിയത് 51 പേരാണ്.
ഇവർക്കൊന്നും വിരൽ നഷ്ടപ്പെട്ടത് വാഹനം ഓടിക്കുമ്പോഴുണ്ടായ അപകടംമൂലമല്ല. മറിച്ച്, നിർത്തിയിട്ട വാഹനത്തിന്റെ ചെയിൻ അശാസ്ത്രീയമായി ശുചീകരിക്കുമ്പോഴാണ്. നാലു വിരലുകൾവരെ ഒന്നിച്ച് അറ്റുപോയവർവരെയുണ്ട് പ്ളാസ്റ്റിക് സർജറി ശസ്ത്രക്രിയക്ക് വിധേയമായവരിൽ.
വണ്ടി സ്റ്റാർട്ടിലിട്ടുള്ള ശുചീകരണം അപകടം
ഗ്രീസിങ് നടത്താനും അമിതഗ്രീസ് ഒഴിവാക്കാനും പ്രത്യേക ഉപകരണങ്ങൾ വിപണിയിൽ ഉണ്ടെന്നിരിക്കേയാണ് അശാസ്ത്രീയരീതി ചിലർ തുടരുന്നത്. വിരലിൽ ഗ്രീസ് എടുത്ത് ചെയിനിൽ നേരിട്ട് പുരട്ടും.അതുതന്നെ വേഗത്തിലാക്കുന്നതിന് ബൈക്ക് സ്റ്റാർട്ടാക്കി സ്റ്റാൻഡിലിട്ട് ആക്സിലേറ്റർ കൊടുക്കും.ഇതിനിടെ അബദ്ധത്തിൽ വിരൽതെന്നി ചെയിൻ സ്‌പ്രോക്കെറ്റിൽ (ചെയിൻ പല്ല്) കുടുങ്ങിയാണ് അറ്റുപോകുന്നത്.
പെട്ടെന്ന് ആശുപത്രിയിൽ എത്തണം
അറ്റുപോയ വിരലുകൾ നല്ലവെള്ളത്തിൽ നല്ലവണ്ണം കഴുകണം. മണ്ണും ഗ്രീസും പോകുന്ന രീതിയിലായാൽ നന്ന്. ശേഷം, വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞ് പ്ളാസ്റ്റിക് കവറിലാക്കണം. ഈ പ്ളാസ്റ്റിക് കവർ ഐസിട്ട് തെർമോകോൾ ബോക്സിലിട്ട് ആറുമണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിക്കണം. 48 മണിക്കൂർവരെ സംരക്ഷിക്കപ്പെടുമെങ്കിലും താമസിക്കുംതോറും പുനഃസ്ഥാപിക്കൽ വിജയകരമാകാനുള്ള സാധ്യതകുറയും.
51 അപകടങ്ങൾ
2023 ഏപ്രിൽ മുതൽ ഈ മാസംവരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ മാത്രം 51 വിരൽ പുനഃസ്ഥാപിക്കൽ ശസ്ത്രക്രിയകൾ നടന്നു. ഇത് മുഴുവനും ബൈക്ക് ചെയിനിൽ വിരൽ കുടുങ്ങി അറ്റുപോയവ രുടേതാണെന്ന് പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്റ്റീവ് സർജറി വിഭാഗം മേധാവി ഡോ. കെ.എസ്. കൃഷ്ണകുമാർ പറഞ്ഞു. ചെറിയ അശ്രദ്ധ ഒഴിവാക്കിയാൽ രക്ഷപ്പെടുന്നത് ഒരു ആയുഷ്കാലം നേരിടേണ്ട പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
English summary : Don’t lose your fingers as the price of carelessness; Attention Bike Riders